പാരിസ്: പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്. പാരിസ് ഒളിംപിക്സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറും മലയാളി താരവുമായ പിആർ ശ്രീജേഷിന് വെങ്കലത്തോടെ വിടവാങ്ങാം.
ആദ്യം 1-0ന് പിന്നിലായശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് ഇരു ഗോളുകളും കണ്ടെത്തിയത്. ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന്‍റെ മികവാർന്ന പ്രകടനവും ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ നിർണായകമായി. 2021 ടോക്കിയോ ഒളിംപിക്സിലും ഇന്ത്യ വെങ്കലമെഡല്‍ കരസ്ഥമാക്കിയിരുന്നു.
18–ാം മിനിറ്റിൽ പെനൽറ്റി സ്ട്രോക്കിൽനിന്ന് മാര്‍ക് മിറാലസ് നേടിയ ഗോൾ സ്പെയിനിനെ ആദ്യം മുന്നിലെത്തിച്ചു. അമിത് രോഹിദാസിന്റെ സ്റ്റിക് ബ്ലോക്കിനെതിരെയായിരുന്നു നടപടി. സ്പെയിന്റെ നീക്കം തടയാൻ ഗോളി പി.ആർ. ശ്രീജേഷിനു സാധിച്ചില്ല. 30–ാം മിനിറ്റിൽ ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യയെ ഒപ്പമെത്തിച്ചത്. പെനൽറ്റി കോർണറിൽനിന്നാണ് നായകൻ ഇന്ത്യയുടെ ആദ്യ ഗോൾ സ്കോർ ചെയ്തത്. 33-ാം മിനിറ്റിൽ വീണ്ടും സ്കോർ ചെയ്ത ഹർമൻപ്രീത് ഇന്ത്യക്ക് ലീഡ് നൽകി. മൂന്നാം ക്വാർട്ടർ 2-1 എന്ന നിലയിൽ അവസാനിച്ചു.
അവസാന ക്വാർട്ടറിൽ പ്രതിരോധത്തിലൂന്നിയായിരുന്നു ഇന്ത്യയുടെ കളി. ഗോൾ രഹിതമായി ക്വാർട്ടർ അവസാനിച്ചതോടെ ഇന്ത്യ വിജയം സ്വന്തമാക്കി.
ഒളിമ്പിക്‌സിനു മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷിന് ഇതോടെ ഒളിമ്പിക് മെഡല്‍ നേട്ടത്തോടെ മടക്കം. രണ്ടുപതിറ്റാണ്ടിനടുത്ത് ടീമിന്റെ ഗോള്‍വല വിശ്വസ്തതയോടെ കാത്ത ശ്രീജേഷ് എന്ന ഇതിഹാസത്തിന്റെ വിടവാങ്ങല്‍മത്സരത്തിന് വെങ്കലനിറം പകരാന്‍ ഇന്ത്യന്‍ ടീമിനായി. ഇന്ത്യന്‍ ജേഴ്‌സിയില്‍ താരത്തിന്റെ 335-ാം മത്സരംകൂടിയായിരുന്നു ഇത്.