തിരുവനന്തപുരം: വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി. എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. 404 പേരാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചത്. ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ജനകീയ തെരച്ചില്‍ ആസൂത്രണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് തെരച്ചില്‍ നടത്തുക. ദുരന്തത്തിന് ഇരകളായവരില്‍ തെരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ വാഹനങ്ങളില്‍ വീടുകള്‍ നിലനിന്നിരുന്ന സ്ഥലങ്ങളിലെത്തിക്കും.
സുരക്ഷാ ഉദ്യോഗസ്ഥരുടെയും തെരച്ചില്‍ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയയ്ക്കുക. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തിരച്ചില്‍. അപകടം നടന്ന മേഖലയില്‍ സാദ്ധ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയത്. എന്നാല്‍ ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും കണ്ടെത്താന്‍ കഴിയുമോയെന്നറിയാനാണ് ജനകീയ തെരച്ചില്‍ നടത്തുന്നത്.വയനാട് പുനരധിവാസത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.