തിരുവല്ല: വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ച സിനിമ താരം മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസ്. ചെകുത്താൻ എന്ന എഫ് ബി പേജിലൂടെ വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിന് എതിരെ പേജിൽ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് കേസ് എടുത്തത്.
അജു അലക്സ് എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. കേസെടുത്തതിന് പിന്നാലെ അജു ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ല എസ് എച്ച് ഒ ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു.
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദീഖിന്‍റെ പരാതിയിലാണ് പൊലീസ് നടപടി. ടെറിട്ടോറിയൽ ആർമി ലഫ്റ്റനന്‍റ് കേണൽ മോഹൻലാൽ വയനാട്ടിൽ ദുരന്തഭൂമിയിൽ പട്ടാള യൂണിഫോമിൽ സന്ദർശനം നടത്തിയതിരെയാണ് ‘ചെകുത്താൻ’ എന്ന ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവർ കാണുന്നതിനും സമൂഹമാധ്യത്തിൽ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്നതിനും താരത്തിന്‍റെ ആരാധകരിൽ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും എഫ്.ഐ.ആർ ചൂണ്ടിക്കാട്ടുന്നു.