ന്യൂഡല്‍ഹി: അയോഗ്യതയ്ക്കു പിന്നാലെ ഗുസ്തി ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട് ഹൈക്കോടതിയില്‍. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിംഗിനെതിരെ വിനേഷ് ഫോഗട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഗുരുതര ആരോപണമുന്നയിച്ചു. ഒളിമ്പിക് വില്ലേജില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്റെ സാന്നിധ്യം ദുരൂഹതയുള്ളതാണെന്ന് വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും ഹൈക്കോടതിയില്‍ ആക്ഷേപമുയര്‍ത്തി.
ഗുസ്തി ഫെഡറേഷനെ സസ്‌പെൻഡ് ചെയ്തിട്ടും അധ്യക്ഷൻ സഞ്ജയ് സിങ് ഒളിമ്പിക്സ് വില്ലേജിൽ എത്തി തീരുമാനങ്ങൾ എടുക്കുവെന്ന് വിനേഷ് ഫോഗോട്ടിന്റെ അഭിഭാഷകൻ രാഹുൽ മെഹ്‌റയാണ് ഡൽഹി ഹൈകോടതിയിൽ ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ഗുസ്തി ഫെഡറേഷനെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെ ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ തന്നെയാണ് കോടതിയെ സമീപിച്ചത്. ഇതിൽ വാദം കേൾക്കുന്നതിനിടെയാണ് ആരോപണം. പദവിയിൽ നിന്ന് പുറത്തായിട്ടും സഞ്ജയ് സിങ് ഒളിമ്പിക്സ് വില്ലേജിലെത്തി കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം.
വിനേഷ് ഫോഗട്ടിന്റെ ഹര്‍ജി കായിക തര്‍ക്ക പരിഹാര കോടതി നേരത്തേ ഫയലില്‍ സ്വീകരിക്കുകയായിരുന്നു. ഹര്‍ജിയില്‍ വിധി ഇന്നുതന്നെ ഉണ്ടാകുമെന്നാണ് വിവരം. ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായി വിനേഷ് ഫോഗട്ട് കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.