MUNDAKAI LANDSLIDE IN WAYANAD
മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 226 ആയി. കാണാതായവർക്കായി ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹവും ഒരു ശരീരഭാഗവും കൂടി ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ആകെ 196 ശരീര ഭാഗങ്ങളും ലഭിച്ചു. ദുരന്തത്തിൽ കണ്ടെത്താനുള്ളവരുടെ എണ്ണം 131 ആയി കുറഞ്ഞു.
പുഞ്ചിരിവട്ടം, മുണ്ടക്കൈ, സ്കൂൾ റോഡ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേരെ കാണാതായത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ നാളെ ജനകീയ തെരച്ചില്‍ നടത്തും. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് തെരച്ചില്‍ നടത്തുക.
ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ 190 പേര്‍ തിരച്ചലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനപ്രതിനിധികള്‍, എന്‍.ഡി.ആര്‍.എഫ്, പൊലിസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ സംഘത്തിനൊപ്പം ഇവരും തിരച്ചലില്‍ പങ്കാളികളാവും.
ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ തെരച്ചിലില്‍ പങ്കെടുപ്പിക്കുന്നതിനായി വാഹനങ്ങളില്‍ എത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും തെരച്ചില്‍ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയയ്ക്കുക.