ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. മദ്യനയ അഴിമതിയിൽ സി.ബി.ഐ എടുത്ത കേസിലാണ് റൗസ് അവന്യൂ കോടതിയുടെ നടപടി.
ആഗസ്ത് 20 വരെയാണ് കസ്റ്റഡി നീട്ടിയത്. കെജ്രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം ആഗസ്ത് 5ന് നിഷേധിച്ചിരുന്നു. ഇ.ഡി കേസിൽ നേരത്തെ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. കേസിൽ അധിക കുറ്റപത്രം ഈ മാസം 12ന് സി.ബി.ഐ സമർപ്പിച്ചേക്കും.
മദ്യനയ അഴിമതിയിലെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളെന്ന് സി.ബി.ഐ കെജ്രിവാളിനെ പരാമർശിക്കുന്നുണ്ട്. ഇക്കാരണം കാണിച്ച് ജൂണിലാണ് കോടതി കെജ്രിവാളിനെ കസ്റ്റഡിയിൽ വിട്ടത്. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന സി.ബി.ഐ വാദവും കോടതി പരിഗണിച്ചു. ഇ.ഡി കേസിൽ ജാമ്യം നേടി പുറത്തിറങ്ങാനിരിക്കെ, ജൂൺ 26നാണ് കെജ്രിവാളിനെ സി.ബി.ഐ തിഹാർ ജയിലിലെത്തി അറസ്റ്റ് ചെയ്തത്.
അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിൽ കേസിൽ മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. വിവാദമായ മദ്യനയത്തിൽ വ്യവസായികളെ സഹായിക്കാനായി എ.എ.പി നേതാക്കൾ കോടികൾ കൈക്കൂലി വാങ്ങിയെന്നും, ഈ പണം ഗോവയിലും പഞ്ചബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് കേസ്.