തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തെ എഡിജിപി ആയി സ്ഥലംമാറ്റി. യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. നിലവിൽ ബിവറേജസ് കോർപ്പറേഷന്റെ എംഡിയാണ് യോഗേഷ് ഗുപ്ത. വിജിലൻസ് ഡയറക്ടർ ടി.കെ വിനോദ് കുമാർ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. എ. അക്ബർ പുതിയ ട്രാൻസ്പോർട്ട് കമ്മീഷണറാകും. തിരുവനന്തപുരം റേഞ്ച് ഡെപൂട്ടി ഐജിയായി അജിതാ ബീഗത്തെ നിയമിച്ചു.
സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബിന് കേരള പോലീസ് ഹൗസിംഗ് ആൻഡ് കണ്സ്ട്രക്ഷൻ കോർപറേഷൻ ചെയർമാന്റെ അധിക ചുമതല കൂടി നൽകി. ഡിഐജി ജെ. ജയന്തിനെ പോലീസ് കണ്സ്ട്രക്ഷൻ കോർപറേഷന്റെ മാനേജിംഗ് ഡയറക്ടറാക്കി നിയമിച്ചു.
കേന്ദ്ര ഡപ്യൂട്ടേഷനിൽ നിന്ന് മടക്കി അയച്ച ഡിജിപി പദവിയിലുള്ള കേരള കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥൻ നിതിൻ അഗർവാൾ മടങ്ങിയെത്തുന്പോൾ പോലീസ് ഹൗസിംഗ് ആൻഡ് കണ്സ്ട്രക്ഷൻ കോർപറേഷന്റെ സിഎംഡിയുടെ ചുമതല നൽകാനാണിതെന്നാണ് സൂചന.
പോലീസ് ഹൗസിംഗ് കണ്സ്ട്രക്ഷൻ കോർപറേഷൻ സിഎംഡിയായിരുന്ന സി.എച്ച്. നാഗരാജുവിനെ ക്രൈംബ്രാഞ്ച്- 1 തിരുവനന്തപുരം മേഖലാ ഐജിയാക്കി. ഐജി ഹർഷിത അട്ടല്ലൂരിയെ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ സിഎംഡിയായി സംസ്ഥാന ഡപ്യൂട്ടേഷനിൽ മാറ്റി നിയമനം നൽകി.
തൃശൂർ റേഞ്ച് ഡിഐജി എസ്. അജിതാ ബീഗത്തെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി മാറ്റി നിയമിച്ചു. തോംസണ് ജോസിനെ തൃശൂർ റേഞ്ച് ഡിഐജിയാക്കി. നിലവിൽ കണ്ണൂർ റേഞ്ച് ഡിഐജിയായ തോംസണ് ജോസ് കണ്ണൂർ റേഞ്ചിന്റെ അധിക ചുമതല കൂടി വഹിക്കും.