Spirituality

പ്രകൃതിയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കും; സർപ്പകാവുകളുടെ പ്രത്യേകത | The specialty of sarppakavu

സർപ്പകാവുകളും പുള്ളുവൻ പാട്ടുകളും നിറഞ്ഞതായിരുന്നു ഒരുകാലത്തു ഗ്രാമങ്ങളെല്ലാം. നൂറും പാലും നൽകി നാഗങ്ങളെ പ്രസാദിപ്പിക്കുന്ന ആചാരങ്ങൾക്കൊന്നും ഇപ്പോഴും മാറ്റങ്ങളൊന്നും വന്നിട്ടില്ല. അദ്ഭുതസിദ്ധികളുള്ളവയാണ് നാഗങ്ങൾ എന്നാണ് ഹൈന്ദവസങ്കല്പം. സർപ്പപ്രീതിക്കായി അനവധി അനുഷ്ടാനകലകളും കേരളത്തിൽ രൂപം കൊണ്ടിട്ടുണ്ട്. സർപ്പപൂജ ഐശ്വര്യദായകമാണെന്ന ഹൈന്ദവ വിശ്വാസത്തിന് ദശാപ്തങ്ങളുടെ പഴക്കമുണ്ട്.സർപ്പാരാധനക്കായി പൂർവികർ മാറ്റി ഇട്ട പുണ്യ സ്ഥലമാണ് സർപ്പക്കാവ് എന്ന്‌ അറിയപ്പെടുന്നത്.നാഗ പ്രീതിക്കായി സർപ്പക്കാവിൽ സർപ്പം പാട്ട് പാടിക്കുകയും, സർപ്പ കളമെഴുത്തു നടത്തിക്കുകയും ചെയ്യും.

ആയുസ്സെത്തിയ നാഗങ്ങള്‍ തല ഉയര്‍ത്തി പിടിച്ച് മൂന്നര ചുറ്റായി ഇരുന്ന് ജീവന്‍ വെടിയുന്നതാണ് നാഗസമാധി എന്നാണ് പരക്കെയുള്ള വിശ്വാസം. ഇത്തരത്തില്‍ നാഗസമാധി കാണുന്ന ഇടങ്ങള്‍ പുണ്യഭൂമിയായി കരുതുകയും സര്‍പ്പങ്ങള്‍ക്കായി നീക്കിയിടുകയും ചെയ്യുന്നു. ഇങ്ങനെ നീക്കിയിടുന്ന ഇടങ്ങളാണ് സര്‍പ്പക്കാവുകളായി രൂപാന്തരപ്പെടുന്നത്. കാലക്രമേണ നാഗസമാധിയില്‍ പുറ്റ് വന്നു മൂടി നാഗസമാധി മറയും. ഇങ്ങനെ നാഗസമാധി കണ്ട സ്ഥലത്തു നാഗപ്രതിഷ്ഠ നടത്തി വിളക്ക് വെച്ച് പൂര്‍വികര്‍ ആരാധിച്ചു വന്നിരുന്നു. ഒരു നാഗം സമാധി ഇരുന്ന സ്ഥലത്തു തന്നെ അതിന്റെ ഇണനാഗവും സമാധിയ്ക്കായി എത്തുമെന്ന ഒരു വിശ്വാസം കൂടി നിലനില്‍ക്കുന്നുണ്ട്.

സർപ്പ കളമെഴുതി പൂജിക്കുമ്പോൾ, സമാധി ആയ നാഗത്തിന്റെ ആത്മാവ് വ്രതം എടുത്തു നിൽക്കുന്ന ആളിലേക്ക് പ്രവേശിക്കുകയും അവർ തുള്ളി ഉറഞ്ഞു ഭാവി കാര്യങ്ങൾ പ്രവചിക്കുകയും ചെയ്തിരുന്നു, ഇപ്പോഴും ചില സർപ്പക്കാവുകളിൽ ഈ ചടങ്ങുകൾ നടത്താറുണ്ട്പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്ക് താളം തെറ്റാതെ സംരക്ഷിച്ചു വന്നിരുന്ന ഇത്തരം സർപ്പക്കാവുകൾ നാശത്തിന്റെ പടവുകളേറാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും തണലും സംരക്ഷണവും നൽകുന്നതോടൊപ്പം കാവുകൾ പ്രകൃതിക്ക് നൽകുന്ന സംഭാവനകൾ ഏറെയാണ്. ആഗോളതാപനം ഇന്ന് വലിയ വെല്ലുവിളിയായി മാറുന്ന ഈ സാഹചര്യത്തിൽ കാവുകളുടെ മേന്മകൾ നാം പഠനവിഷയമാക്കേണ്ടത് അത്യാവശ്യമാണ്. പഴമക്കാർ കാവുകളെയും കുളങ്ങളെയും സംരക്ഷിക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. എന്നാൽ ഇന്ന് നാം പുരോഗതിയുടെ പാതയിലേക്കുള്ള പാച്ചിലിൽ നാട്ടിൻപുറങ്ങളുടെ സകല നന്മകളും വിസ്മരിക്കുകയാണ്.

STORY HIGHLLIGHTS: the-specialty-of-sarppakavu

Latest News