ലണ്ടൻ: കർശന നടപടികളുമായി പൊലീസ് രംഗത്തെത്തിയതോടെ കുടിയേറ്റവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ശമനമാകുന്നു. സ്ഥിതി തൽകാലം ശാന്തമായെങ്കിലും അധികൃതർ ജാഗ്രത കൈവിടുന്നില്ല. കഴിഞ്ഞ ദിവസം ലണ്ടനിലും മറ്റു പ്രധാന നഗരങ്ങളിലും പ്രക്ഷോഭവിരുദ്ധ റാലികൾ നടന്നു.
വംശീയതയ്ക്കെതിരെ ജനം ഒന്നിച്ചതിനും പൊലീസിന്റെ ധീരസേവനത്തിനും ലണ്ടൻ മേയർ സാദിഖ് ഖാൻ നന്ദി പറഞ്ഞു. അറസ്റ്റിലായവരെ പ്രക്ഷോഭക്കാരെന്നോ ദേശസ്നേഹികളെന്നോ മര്യാദയുള്ള പൗരന്മാരെന്നോ വിളിക്കാനാകില്ലെന്നും അവർ അക്രമവും കൊള്ളയും നടത്തുന്ന ക്രിമിനലുകളാണെന്നും ലണ്ടൻ പൊലീസ് കമ്മിഷണർ മാർക് റോലി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 29ന് സൗത്ത്പോർട്ടിൽ 3 പെൺകുട്ടികൾ കുത്തേറ്റു മരിച്ചതിനെത്തുടർന്നു നടന്ന കുടിയേറ്റവിരുദ്ധ വ്യാജപ്രചാരണങ്ങളാണ് പ്രക്ഷോഭങ്ങൾക്കു തുടക്കമിട്ടത്. ചൊവ്വാഴ്ച മുതലുള്ള അക്രമസംഭവങ്ങളിൽ നാനൂറോളം പേരെ അറസ്റ്റുചെയ്തു.