കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഇന്നലെ കേസെടുത്തത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണനയിൽ വരും.
അതേസമയം ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ജനകീയ തിരച്ചിൽ ആരംഭിച്ചു. 11 മണി വരെ നടക്കുന്ന തിരച്ചിലിൽ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവർ പങ്കെടുക്കും. 131 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ദുരന്തത്തിൽ ഇതുവരെ 226 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 414 പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ദുരന്തത്തിന്‍റെ തീവ്രത പഠിക്കാൻ ഒമ്പതംഗ കേന്ദ്രസംഘം ഇന്ന് വയനാട്ടിലെത്തും. ദുരന്തബാധിതര്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകളും ഇന്ന് ആരംഭിക്കും.