ചണ്ഡിഗഡ്: നീരജ് ചോപ്രയുടെ ഒളിമ്പിക്സ് വെള്ളി മെഡൽ നേട്ടത്തിൽ പ്രതികരണവുമായി പിതാവും മാതാവും മുത്തച്ഛനും. ഒളിമ്പിക്സ് ഹാട്രിക് മെഡലിനായി നീരജ് പ്രയത്നം തുടരുമെന്ന് പിതാവ് സതീശ് കുമാർ ചോപ്ര. മകൻ രാജ്യത്തിനായി വെള്ളി മെഡൽ നേടിയതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മികച്ച രീതിയിൽ ഇനിയും പരിശീലനം തുടരും. നീരജ് രാജ്യത്തിന് വേണ്ടി കൂടുതൽ മൽസരങ്ങളിൽ പങ്കെടുക്കുമെന്നും സതീശ് ചോപ്ര വ്യക്തമാക്കി. ഓരോരുത്തർക്കും അവരവരുടെ ദിവസമുണ്ട്. ഇന്ന് പാകിസ്താന്‍റെ ദിനമായിരുന്നു. പക്ഷെ ഞങ്ങൾ വെള്ളി നേടി. അത് ഞങ്ങൾക്ക് അഭിമാനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിനീഷ് ഫോഗട്ടിന്‍റെ മെഡൽ നഷ്ടം വേദനിപ്പിച്ചെന്നും വിനീഷിന് വെള്ളം മെഡൽ നൽകണമെന്നും സതീശ് ചോപ്ര ആവശ്യപ്പെട്ടു. നീരജിന്‍റെ വെള്ളി മെഡൽ നേട്ടത്തിൽ അഭിമാനമെന്ന് മാതാവ് സരോജ് ദേവി. മെഡൽ നേടിയതിൽ സന്തോഷമുണ്ട്. സ്വർണ മെഡൽ നേടിയ പാകിസ്താൻ താരം അർഷദ് നദീമും തനിക്ക് മകനെ പോലെയാണെന്നും സരോജ് ദേവി വ്യക്തമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച് നീരജ് വെള്ളി മെഡൽ നേടിയെന്നും രാജ്യത്തിന് ഒരു മെഡൽ കൂടി കൊച്ചുമകൻ സമ്മാനിച്ചെന്നും മുത്തച്ഛൻ ധരം സിങ് ചോപ്രയും പ്രതികരിച്ചു