Food

വൈകുന്നേര ചായക്ക് ഉഗ്രൻ രുചിയിൽ ഒരു അട; ചെറുപയർ അട | Cherupayar Ada

വൈകുന്നേര ചായക്ക് കിടിലൻ രുചിയിൽ ഒരു അട തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ ഇത് തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • 1. ചെറുപയർ -ഒരു കപ്പ്
  • 2. ശർക്കര -250 ഗ്രാം
  • 3. തേങ്ങ ചിരകിയത് -ഒരു കപ്പ്
  • 4. ഏലക്കപ്പൊടി -ഒരു ടീസ്പൂൺ
  • 5. അരിപ്പൊടി -ഒരു കപ്പ്‌
  • 6. നെയ്യ് -ഒരു ടേബ്ൾ സ്പൂൺ
  • 7. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

കുതിർത്തുവെച്ച ചെറുപയർ പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് കുക്കറിൽ രണ്ട് വിസിൽ വരെ വേവിച്ചെടുക്കാം. ഇതിലേക്ക് അര കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുത്ത ശർക്കരപാനി, തേങ്ങ ചിരകിയത്, ഏലക്കപ്പൊടി എന്നിവ വേവിച്ച ചെറുപയറിൽ ചേർത്ത് ഇളക്കി അതിലുള്ള വെള്ളം വറ്റിച്ചെടുക്കുക. അവസാനം ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് മാറ്റിവെക്കാം.

ഒരു പാത്രത്തിൽ അരിപ്പൊടി, ഉപ്പ്, ഒന്നേ കാൽ കപ്പ്‌ തിളച്ച വെള്ളം എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക. ഇളം ചൂടിൽ ഓരോ ഉരുളകളായി എടുത്ത് വാഴയിലയിൽ വെച്ച് കനം കുറച്ച് കൈവെച്ച് പരത്തിയെടുക്കാം. ഇടക്കിടെ കൈ നനച്ച് പരത്തിയെടുത്താൽ എളുപ്പമാവും. നടുവിലായി ചെറുപയർ കൂട്ട് വിതറി ഇലയോടെ പകുതിയായി മടക്കി ഒട്ടിച്ചെടുക്കാം. ശേഷം ഇവ ഇഡലി ചെമ്പിലിട്ട് ആവിയിൽ വേവിച്ചെടുക്കാം.