Food

രുചികരമായ ചക്കയപ്പം തയ്യാറാക്കിയാലോ? | Chakkayappam

നാലുമണി ചായക്ക് രുചികരമായി ചക്കയപ്പം തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ ഒരു ചക്കയപ്പം റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • 1. പഴുത്ത ചക്ക -ഒന്നര കപ്പ്‌
  • 2. ഗോതമ്പു പൊടി -രണ്ടു കപ്പ്‌
  • 3. തേങ്ങ ചിരകിയത് -ഒന്നേകാൽ കപ്പ്‌
  • 4. തേങ്ങാകൊത്ത് -കാൽ കപ്പ്‌
  • 5. ശർക്കരപ്പൊടി -മുക്കാൽ കപ്പ്‌
  • 6. നെയ്യ് -ഒരു ടേബ്ൾ സ്‌പൂൺ
  • 7. ഏലക്കപ്പൊടി -അര ടീസ്പൂൺ
  • 8. ജീരകപ്പൊടി -അര ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി നെയ്യൊഴിച്ച് തേങ്ങാകൊത്ത് ചേർത്ത് ഇളക്കുക. നിറം മാറിവരുമ്പോൾ തേങ്ങ ചിരകിയത്, ശർക്കരപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. ശർക്കര ഉരുകിവരുമ്പോൾ പഴുത്ത ചക്ക ചെറുതായിട്ട് മുറിച്ചത് കാൽ കപ്പ്‌ ചേർത്ത് വഴറ്റിയെടുക്കാം. ഇവ മൂന്നു മിനിറ്റ് നന്നായി മിക്‌സ് ചെയ്‌തശേഷം ഒരു നുള്ള് ഉപ്പ്, ഏലക്കപ്പൊടി, ജീരകപ്പൊടി എന്നിവയും ചേർത്ത് യോജിപ്പിച്ചെടുക്കാം.

മറ്റൊരു പാത്രത്തിലേക്ക് ഗോതമ്പുപൊടി, ഉപ്പ്, ഒരു കപ്പ്‌ പഴുത്ത ചക്ക മിക്സിയുടെ ജാറിലിട്ട് നന്നായിട്ട് അരച്ചത്, ഒരു കപ്പ് ഇളം ചൂടുവെള്ളം എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്തെടുക്കാം. ഇതിലേക്ക് ഏലക്കപ്പൊടിയും തേങ്ങാകൂട്ട് മുക്കാൽ ഭാഗവും ചേർത്ത് യോജിപ്പിച്ചെടുക്കണം. ചെറുതായി ചൂടാക്കിയെടുത്ത വാഴയിലയിൽ മൂന്നു ടേബ്ൾ സ്പൂൺ മാവ് ചേർത്ത് മുകളിലായി അര ടേബ്ൾ സ്പൂൺ മാറ്റിവെച്ച തേങ്ങാകൂട്ടും വെച്ച് ഇഷ്‌ടമുള്ള ഷേപ്പിൽ പൊതിഞ്ഞെടുക്കാം. ശേഷം ഇഡലിചെമ്പിൽ ആവിയിൽ വേവിച്ചെടുക്കാം. കൊതിയൂറും ചക്കയപ്പം തയാർ.