വൈകുന്നേര ചായക്ക് എന്തെങ്കിലും സ്പെഷ്യലായി കിട്ടിയാൽ ഹാപ്പിയായല്ലേ, എന്നാൽ ഒരു കുമ്പിൾ അപ്പം ആയാലോ. സ്വാദിഷ്ടമായ പഴം കുമ്പിളപ്പം റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. നേന്ത്രപ്പഴം -രണ്ട്
- 2. പഞ്ചസാര -രണ്ട് ടേബ്ൾ സ്പൂൺ
- 3. തേങ്ങ ചിരകിയത് -അര കപ്പ്
- 4. ഏലക്കപ്പൊടി -ഒരു ടീസ്പൂൺ
- 5. ശർക്കര -200 ഗ്രാം
- 6. ഗോതമ്പുപൊടി -ഒരു കപ്പ്
- 7. നെയ്യ് -രണ്ട് ടേബ്ൾ സ്പൂൺ
- 8. ചെറിയ ജീരകം -ഒരു ടീസ്പൂൺ
- 9. ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം
ശർക്കര ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് ഉരുക്കിയെടുക്കുക. ഒരു പാനിൽ നെയ്യൊഴിച്ച് ചെറുതായി അരിഞ്ഞുവെച്ച നേന്ത്രപ്പഴം ചേർത്ത് വഴറ്റിയെടുക്കാം. ഏകദേശം വഴന്നുവരുന്ന സമയം പഞ്ചസാര, തേങ്ങ ചിരകിയത്, ഏലക്കപ്പൊടി എന്നിവ ചേർത്ത് ഇളക്കി നന്നായി വേവിച്ചെടുക്കാം.
മറ്റൊരു പാത്രത്തിൽ ഗോതമ്പുപൊടി, പാകത്തിന് ഉപ്പ്, ഏലക്കപ്പൊടി, ചെറിയ ജീരകം എന്നിവ ചേർത്ത് യോജിപ്പിച്ച് ഇതിലേക്ക് ചെറുചൂടിൽ ശർക്കര പാനി കൂടി ചേർത്തിളക്കി കൂടുതൽ കാട്ടിയാവാത്ത മാവ് ആക്കിയെടുക്കാം. ആവശ്യമെങ്കിൽ വെള്ളം ചേർക്കാം. പഴത്തിന്‍റെ കൂട്ട് കുറച്ച് മാറ്റിവെച്ച് ബാക്കിയുള്ളത് അതിലേക്ക് ചേർത്ത് യോജിപ്പിച്ചെടുക്കാം. വാട്ടിയെടുത്ത വാഴയില കുമ്പിളപ്പത്തിനായി കോണായി മടക്കി അതിലേക്ക് മുക്കാൽ ഭാഗവും മാവ് നിറച്ച് മുകളിലായി ഒരു ടേബ്ൾ സ്‌പൂൺ പഴത്തിന്റെ കൂട്ട് ഇട്ട് ഈർക്കിൽകൊണ്ട് പിൻ ചെയ്തു ആവിയിൽ വേവിച്ചെടുക്കാം.