വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളാണ് നാടൻ വിഭവങ്ങൾ. അതിൽ ഒന്നാണ് പഴമക്കാരുടെ നാവിൽ ഇന്നും മായാതെ കിടക്കുന്ന എടനയപ്പം. ഇതിന്റെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. ശർക്കര -250 ഗ്രാം
- 2. റവ -3/4 കപ്പ്
- 3. അരിപ്പൊടി -കാൽ കപ്പ്
- 4. നന്നായി പഴുത്ത നേന്ത്രപ്പഴം -രണ്ട്
- 5. ഏലക്കപ്പൊടി -കാൽ ടീസ്പൂൺ
- 6. നെയ്യ് -മൂന്ന് ടേബ്ൾ സ്പൂൺ
- 7. അണ്ടിപ്പരിപ്പ് -ആവശ്യത്തിന്
- 8. ചിരകിയ തേങ്ങ -അര കപ്പ്
- 9. മുന്തിരി -ആവശ്യത്തിന്
- 10. ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം
അടി കട്ടിയുള്ള പാത്രത്തിൽ ശർക്കരയും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് തിളപ്പിച്ച് ഉരുക്കി മാറ്റിവെക്കുക. ഒരു പാനിൽ രണ്ട് ടേബ്ൾ സ്പൂൺ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് കോരിയെടുക്കുക. അതേ നെയ്യിലേക്ക് നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കാം. വെന്തുവന്നാൽ അതിലേക്ക് ഉരുക്കിയ ശർക്കര പാനി, തേങ്ങ ചിരകിയത്, ഏലക്കപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കാം.
ഇതിലേക്ക് കാൽ കപ്പ് വെള്ളംകൂടി ചേർക്കാം. തിളച്ച് വരുമ്പോൾ റവയും അരിപ്പൊടിയും ചേർത്ത് ചെറുതീയിൽ നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം. വെന്തുവരുമ്പോൾ മാറ്റിവെച്ച അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് യോജിപ്പിച്ച് ചെറുചൂടിൽ ചെറിയ ഉരുളകളായി എടുത്ത് വാട്ടിയെടുത്ത വാഴയിലയിൽ ഇഷ്ടമുള്ള ഷേപ്പിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചെടുക്കാം.