ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അത്യാവശ്യം കാര്യപ്രാപ്തിയും തിരിച്ചറിവുമൊക്കെയുള്ള മന്ത്രിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇന്നലെ അതിന്റെ പ്രധാന ചടങ്ങ് KSRTC ചീഫ് ഓഫീസില്‍ നടന്നു. പണിതു പണിതു KSRTCയെ കുത്തുപാളയെടുപ്പിച്ച എസ്റ്റേറ്റ് വിഭാഗത്തിലെ എല്ലാ ജീവനക്കാരെയും സ്ഥലംമാറ്റിക്കൊണ്ടാണ് ശുദ്ധികലശം നടത്തിയിരിക്കുന്നത്. ഈ ശുദ്ധികലശം വളരെ നേരത്തേ ചെയ്തിരുന്നുവെങ്കില്‍ KSRTC ഡിപ്പോകളില്‍ നിര്‍മ്മിച്ച ആളനക്കമില്ലാത്ത പ്രേതാലയങ്ങള്‍ ഉണ്ടാകില്ലായിരുന്നു.
എന്താണ് ഇതുവരെ KSRTC എസ്റ്റേറ്റ് വിഭാഗത്തിന്റെ സംഭാവനയെന്നു ചോദിച്ചാല്‍ മുച്ചൂടും മുടിച്ചുകെട്ടി എന്നേ ഉത്തരമുള്ളൂ. ഇത് തിരിച്ചറിഞ്ഞതാണ്, എസ്‌റ്റേറ്റ് വിഭാഗമെന്ന സംവിധാനം തന്നെ ഇല്ലാതാക്കുന്ന തരത്തില്‍ മന്ത്രിയുടെ നടപടി വന്നത്. ഒരു ഗുണവുമില്ലാത്ത വിഭാഗത്തിനെ തീറ്റിപ്പോറ്റുന്നതിനേക്കാള്‍, അത് പിരിച്ചു വിടുകയാണ് വേണ്ടതെന്നാണ് ജീവനക്കാരുടെയും അഭിപ്രായം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഒരു വിഭാഗത്തെ പിരിച്ചു വിട്ടാല്‍ അത് മറ്റു ചര്‍ച്ചകള്‍ക്കു വഴിവെയ്ക്കുമെന്നു മനസ്സിലാക്കിയാണ് എസ്റ്റേറ്റ് വിഭാഗത്തിലെ സൂപ്രണ്ട് മുതല്‍ പ്യൂണ്‍ വരെയുള്ളവരെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. ഇതോടെ ചീഫ് ഓഫീസിലെ എസ്റ്റേറ്റ് വിഭാഗത്തില്‍ മേശയും കസേരകളും മാത്രമേ ഇന്ന് ഉണ്ടാകൂ. രണ്ട് സൂപ്രണ്ടുമാര്‍, ആറ് അസിസ്റ്റന്റുമാര്‍, ഒരു പ്യൂണ്‍ എന്നിവരാണ് എസ്റ്റേറ്റ് വിഭാഗത്തില്‍ ഉണ്ടായിരുന്നത്. സൂപ്രണ്ട് ജി.എസ് സന്ധ്യയെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലേക്കും മറ്റൊരു സൂപ്രണ്ട് ജി. രേഖാ ലക്ഷ്മിയെ പാപ്പനംകോട് ഡിപ്പോയിലേക്കുമാണ് സ്ഥലം മാറ്റിയത്. അസിസ്റ്റന്റുമാരായ എം. പ്രിയ ജോസിനെ വിഴിഞ്ഞം ഡിപ്പോയിലേക്ക് മാറ്റയപ്പോള്‍ എ ആര്‍ഷ ശ്രീയെ വികാസ് ഭവന്‍ ഡിപ്പോയിലേക്കു തട്ടി. എന്‍.ജെ രമ്യയെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലും ഷീനാ സദാശിവനെ ആറ്റിങ്ങല്‍ ഡിപ്പോയിലേക്കും സ്ഥലം മാറ്റി.
എന്‍. സുരേഷ് നായരെ കൊട്ടാരക്കര ഡിപ്പോയിലേക്കും കെ. കുമാറിനെ പാറശ്ശാലയിലേക്കുമാണ് തട്ടിയിരിക്കുന്നത്. പ്യൂണായ കെ. അമ്പിളിയെ തിരുവനന്തപുരം ഡിപ്പോയിലേക്കും മാറ്റിയിട്ടുണ്ട്. വനിതാ ജീവനക്കാര്‍ക്കെല്ലാം തിരുവനന്തപുരത്തിനുള്ളില്‍ തന്നെയാണ് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി കേരളത്തിലെ മിക്ക KSRTC ഡിപ്പോകളിലും നിര്‍മ്മിച്ചിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സില്‍ അടക്കമുള്ള കടമുറികള്‍ വാടകയ്ക്കു കൊടുക്കാനുള്ള ഒരു നടപടിയും എസ്റ്റേറ്റ് വിഭാഗം എടുത്തിട്ടില്ലെന്നതാണ് പ്രധാന കാരണം.
ഇതിലൂടെ നഷ്ടമാകുന്ന പണം എങ്ങനെ തിരിച്ചു പിടിക്കാമെന്നുള്ള അലോചന പോലും നടത്താതെയാണ് ഈ വിഭാഗത്തിലെ ജീവനക്കാര്‍ ജോലി ചെയ്തിരുന്നത്. KSRTCയുടെ വസ്തുക്കളും, കെട്ടിടങ്ങളും വരുമാന മാര്‍ഗമാക്കാന്‍ ഇതുവരെയും സാധിച്ചില്ലെങ്കില്‍ എസ്‌റ്റേറ്റ് വിഭാഗമെന്ന ഒരു സംവിധാനം എന്തിനാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. നിലവില്‍ KSRTCയുടെ മരാമത്ത് പണികളെല്ലാം PWD യെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇനി KSRTC അത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതില്ലെന്ന നിലപാടിലാണ് മന്ത്രിയും കോര്‍പ്പേറേഷനും. ചീഫ് ഓഫീസില്‍ ഇനിയും അനങ്ങാപ്പാറ വിഭാഗങ്ങളും ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ടിക്കറ്റ് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ജീവന്‍മരണപ്പോരാട്ടം നടത്തുന്ന ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമുള്ള KSRTCയില്‍ പണിയൊന്നും ചെയ്യാതെ ചീഫ് ഓഫീസില്‍ ഇരിക്കുന്നവര്‍ക്ക് ഭാരിച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് നല്‍കുന്നത്. എന്നാല്‍, ടിക്കറ്റേതര വരുമാനം എത്രയാണെന്ന് നോക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത് ശരിക്കും വെള്ളാനകള്‍ ഇരിക്കുന്നത് എവിടെയാണെന്ന്. ഇനിയെങ്കിലും ആലോചിക്കണം, KSRTCയെ മുടിപ്പിക്കുന്ന അനാവശ്യ വിഭാഗങ്ങളും ഉദ്യോഗസ്ഥരും എന്തിനാണെന്ന്. ഇനി വേണോ എസ്‌റ്റേറ്റ് വിഭാഗം എന്നൊരു സംവിധാനം.
content high lights; Do we need the ‘Estate Department’ which has been a problem for KSRTC?: Minister Ganesh Kumar applauds (Exclusive)