ബിരിയാണിപ്രിയരാണല്ലേ ഒട്ടുമിക്ക ആളുകളും. അതും കോഴിക്കോടൻ ബിരിയാണി ആണെങ്കിൽ പിന്നെ പറയേണ്ടതില്ല. നല്ല ആവി പറക്കുന്ന കോഴിക്കോടൻ ബീഫ് ബിരിയാണി തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
ബീഫ് മസാലക്കാവശ്യമായവ
- 1. ബീഫ് -ഒരു കിലോ
- 2. വെളിച്ചെണ്ണ -ആവശ്യത്തിന്
- 3. നെയ്യ് -രണ്ട് ടേബ്ൾ സ്പൂൺ
- 4. സവാള -അരക്കിലോ
- 5. തക്കാളി -നാല്
- 6. ഇഞ്ചി പേസ്റ്റ് -രണ്ട് ടേബ്ൾ സ്പൂൺ
- 7. വെളുത്തുള്ളി പേസ്റ്റ് -മൂന്ന് ടേബ്ൾ സ്പൂൺ
- 8. പച്ചമുളക് ചതച്ചത് -10 എണ്ണം
- 9. മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ
- 10. മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
- 11. കുരുമുളകുപൊടി -അര ടീസ്പൂൺ
- 12. പെരുംജീരകപ്പൊടി -അര ടീസ്പൂൺ
- 13. നാരങ്ങാനീര് -ഒരു നാരങ്ങയുടേത്
- 14. ഗരംമസാല -ഒരു ടീസ്പൂൺ
- 15. തൈര് -അരക്കപ്പ്
- 16. ഉപ്പ് -ആവശ‍്യത്തിന്
- 17. പുതിനയില -അരക്കപ്പ്
- 18. കറിവേപ്പില -കുറച്ച്
- 19. മല്ലിയില -ഒരു പിടി
അരി വേവിക്കാൻ ആവശ്യമായവ
- 1. കൈമ അല്ലെങ്കിൽ ജീരകശാല അരി -നാല് കപ്പ്
- 2. വെള്ളം -ആറ് കപ്പ്
- 3. കശുവണ്ടി -നാല് ടേബ്ൾ സ്പൂൺ
- 4. ഉണക്കമുന്തിരി -മൂന്ന് ടേബ്ൾ സ്പൂൺ
- 5. നെയ്യ് -രണ്ട് ടേബ്ൾ സ്പൂൺ
- 6. ഉപ്പ് -ആവശ‍്യത്തിന്
- 7. കറുവപ്പട്ട -രണ്ട്
- 8. ഗ്രാമ്പു -10
- 9. ഏലക്ക -10
- 10. വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
- 11. പച്ചമുളക് പേസ്റ്റ് -അര ടീസ്പൂൺ
- 12. ഇഞ്ചി പേസ്റ്റ് -ഒരു ടീസ്പൂൺ
- 13. നാരങ്ങാനീര് – അര നാരങ്ങയുടേത്
തയാറാക്കുന്ന വിധം
ബീഫ് മാരിനേറ്റ് ചെയ്യാൻ മൂന്ന് സവാള, 5 മുതൽ 19 വരെയുള്ള ചേരുവകൾ എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക. ബീഫ് കഷണങ്ങൾ വെളിച്ചെണ്ണ ചേർത്ത് മാരിനേറ്റ് ചെയ്ത് ഒരു മണിക്കൂർ മാറ്റിവെക്കുക. ഗാർണിഷ് ചെയ്യാനുള്ള കശുവണ്ടിയും ഉണക്കമുന്തിരിയും പാനിൽ നെയ്യ് ഉപയോഗിച്ച് വറുത്തെടുക്കുക. അരി വേവിക്കാൻ പാനിൽ വെളിച്ചെണ്ണയൊഴിച്ച് സവാളക്കൊപ്പം കുറച്ച് ഉപ്പ് ചേർത്ത് വറുത്തെടുക്കുക. ഇതേ പാത്രത്തിൽ 6 മുതൽ 13 വരെയുള്ള ചേരുവകൾ ചേർത്ത് വെള്ളം തിളപ്പിച്ചെടുക്കുക. ഇതിലേക്ക് 20 മിനിറ്റ് കുതിർത്തുവെച്ച അരി ചേർക്കുക. ഇത് നന്നായി തിളക്കുമ്പോൾ തീ കുറച്ച് അടച്ചുവെച്ച് വെള്ളം വറ്റുന്നതുവരെ പാകം ചെയ്ത് മാറ്റിവെക്കുക.
മാരിനേറ്റ് ചെയ്ത ബീഫ് കുക്കറിൽ വേവിച്ചെടുക്കുക. കുക്കർ തുറന്ന് ബീഫിലെ വെള്ളം വറ്റിച്ചെടുക്കുക.ബീഫിൽ വേവിച്ചുവെച്ച ചോർ ചേർക്കുക. മുകളിലേക്ക് പുതിനയില, മല്ലിയില, വറുത്തെടുത്ത സവാള, ഉണക്കമുന്തിരി, കശുവണ്ടി എന്നിവ ചേർക്കുക. അടുത്ത ലെയറിൽ വീണ്ടും ബീഫും ചോറും ചേർത്ത് സവാള, മല്ലിയില, പുതിനയില, ഉണക്കമുന്തിരി എന്നിവ ചേർക്കുക. മുകളിൽ നെയ്യ്, ഗരം മസാല, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചെറുതീയിൽ 20 മിനിറ്റ് ദം ചെയ്തെടുത്താൽ രുചിയൂറും കോഴിക്കോടൻ ബീഫ് ബിരിയാണി തയാർ.