കടലും കായലുകളും മാത്രമല്ല കൊല്ലത്ത് കാണാനുള്ളത്. നിരവധി തീർത്ഥാടന കേന്ദ്രങ്ങൾ കൂടി അടങ്ങിയതാണ് കൊല്ലം ജില്ല. ഒരുപാട് വിശ്വാസികളാണ് കൊല്ലത്തേക്ക് ഒഴുകിയെത്തുന്നത്. നിങ്ങൾക്ക് ഒരു ആത്മീയ യാത്രയാണ് വേണ്ടതെങ്കിൽ കൊല്ലം അതിന് പറ്റിയ സ്ഥലമാണ്. കൊല്ലത്തെ തീർത്ഥാടന കേന്ദ്രങ്ങൾ പരിചയപ്പെടാം..
ശാസ്താംകോട്ട ക്ഷേത്രം
ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം കേരളത്തിൽ കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ടയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിന്റെ മൂന്നുഭാഗത്തും കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകമായ ശാസ്താംകോട്ട കായൽ ആണ്.
ഈ ക്ഷേത്രം അവിടെ വസിക്കുന്ന വാനരന്മാർക്കു പ്രസിദ്ധമാണ്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ ധർമ്മശാസ്താവിന്റെ സേവകരായാണ് ഈ വാനരന്മാരെ കരുതുന്നത്. കേരളത്തിലെ ഏറ്റവും പ്രാചിനമായ അഞ്ചു ശാസ്താ ക്ഷേത്രങ്ങളിലൊന്നായാണ് ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രത്തെ പരിഗണിക്കുന്നത്. മറ്റുള്ള നാലെണ്ണം, അച്ചൻകോവിൽ ശാസ്താക്ഷേത്രം, ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം, കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം, ശബരിമല ധർമ്മശാസ്താക്ഷേത്രം എന്നിവയാണ്. ഭാര്യയായ പ്രഭാദേവിയോടും, സത്യകൻ എന്ന മകനോടും കൂടി വസിക്കുന്ന ശ്രീ ധർമ്മശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. ശിവൻ, ഗണപതി എന്നിവരാണ് ഉപദേവതകൾ.
ഓച്ചിറ ക്ഷേത്രം
കേരളത്തിലെ മറ്റ് ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ് കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം. “ദക്ഷിണകാശി” എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്. ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം ആയി പറയപ്പെടുന്നത് വേതാളംകുന്ന് പരബ്രഹ്മക്ഷേത്രം ആണ്. ഹൈന്ദവ ധർമ്മത്തിൽ “പരമാത്മാവ്” അല്ലെങ്കിൽ “നിർഗുണ പരബ്രഹ്മം” എന്നറിയപ്പെടുന്ന അരൂപിയായ പരമശിവൻ തന്നെയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി.
ശ്രീ ധർമ്മശാസ്താ ക്ഷേത്രം, അച്ചൻകോവിൽ
കേരളത്തിലെ അയ്യപ്പ ക്ഷേത്രങ്ങളില് പ്രധാനപ്പെട്ട ക്ഷേത്രമാണ് അച്ചൻകോവിൽ ശാസ്താ ക്ഷേത്രം. കൊല്ലം പത്തനാപുരത്ത് അച്ചൻകോവിലാറിന്റെ തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്‌നീസമേതനായ ശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. രണ്ട് പത്‌നിമാരോടൊപ്പം ഗൃഹസ്താശ്രമം നയിക്കുന്നയാളായിട്ടാണ് ഇവിടെ ശാസ്താവ് കുടികൊള്ളുന്നതെന്നാണ് വിശ്വാസം. പരശുരാമനാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടെ പ്രതിഷ്ഠ നടത്തിയതത്രെ.
തങ്കശ്ശേരി വിളക്കുമാടം, സെൻ്റ് തോമസ് ഫോർ
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട ഒരു നിർമ്മിതിയാണ് തങ്കശ്ശേരി ലൈറ്റ് ഹൗസ്. 1902 ൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച ഈ വിളക്കുമാടം നമ്മുടെ വിദേശ ആധിപത്യത്തിന്റെ സ്മരണകൾ ഉണർത്തുന്നു.ഏതാണ്ട് 120 വർഷത്തെ പഴക്കവും ചരിത്രവും പറയുവാനുള്ള ഇതിന് ഏകദേശം 140 അടി ഉയരം ഉണ്ട്.പലതവണ അറ്റകുറ്റപ്പണികൾ നടത്തിയാണ് ഇത് ഇന്ന് കാണുന്ന നിലയിൽ എത്തിച്ചിരിയ്ക്കുന്നത്. ഇതിന് മുകളിൽ നിന്നാൽ കൊല്ലം നഗരത്തിന്റെ വലിയ ഒരു പ്രദേശം ദൃശ്യമാകും. മുന്നിൽ കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന കടൽ ഏറെ മനോഹരമായ ഒന്നാണ്.2006 വരെ ഇവിടെ സന്ദർശകരെ അനുവദിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇവിടെ സന്ദർശകർക്ക് തുറന്ന് കൊടുത്തിരിക്കുകയാണ്.ഒരാൾക്ക് 10 രൂപയാണ് ടിക്കറ്റ് നിരക്ക്.
content highlight: spiritual-places-near-kollam