കാലാവസ്ഥ മാറുന്നതിനനുസരിച്ച് ശരീരത്തിലെ പ്രതിരോധശേഷിക്കും മാറ്റം വരാം. വൈറസുകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് പ്രതിരോധശേഷി എന്ന് പറയുന്നത്. അതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. വൈറ്റമിനുകളും ധാതുക്കളും ചേര്‍ന്ന ഭക്ഷണവിഭവങ്ങള്‍ ദിവസവും കഴിക്കുന്നത് പ്രതിരോധസംവിധാനത്തിന് കരുത്ത്
പകരുമെന്ന് ഡയറ്റീഷ്യന്മാര്‍ പറയുന്നു.
നമ്മള്‍ ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. പ്രതിരോധശേഷി ദുര്‍ബലമാണെങ്കില്‍ താഴെ പറയുന്ന പഴവര്‍ഗങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
മാതളം
പോളിഫെനോളുകളുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങ. അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫളമേറ്ററി ഗുണങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് മാതളം. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ബ്രൊക്കോളി
വൈറ്റമിന്‍ എ, സി, ഇ, ഫൈബര്‍, നിരവധി ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ബ്രൊക്കോളി പ്രതിരോധസംവിധാനത്തിന് കരുത്ത് പകരും. ഇത് കഴിയുമെങ്കില്‍ പച്ചയ്‌ക്കോ ആവിയില്‍ പുഴുങ്ങിയോ കഴിക്കാന്‍ ശ്രദ്ധിക്കണം. അധികം പാകം ചെയ്താല്‍ ഇതിലെ പോഷണങ്ങള്‍ നഷ്ടപ്പെടുന്നതാണ്.
പപ്പായ
ഒരു ഇടത്തരം പപ്പായയില്‍ പ്രതിദിനം ആവശ്യമായ വൈറ്റമിന്‍ സിയുടെ ഇരട്ടി അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ദഹനരസമായ പപ്പെയ്നിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. പപ്പായയില്‍ ശരീരത്തിന് ആവശ്യമായ പൊട്ടാസിയം, മഗ്‌നീഷ്യം, ഫോളേറ്റ് എന്നിവയും അടങ്ങിയിരിക്കുന്നു.
പേരക്ക
വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒരു ഫ്രൂട്ട് ആണ് പേരക്ക. കൂടാതെ ഫ്രീ റാഡിക്കലില്‍ നിന്നും കോശങ്ങളെ സംരക്ഷിക്കുകയും അതുവഴി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഫ്‌ലേവനോയ്ഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
കാപ്‌സിക്കം
ചുവന്ന നിറത്തിലുള്ള കാപ്സിക്കത്തില്‍ സിട്രസ് പഴങ്ങളേക്കാള്‍ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. ബീറ്റ കരോട്ടിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ശരീരം ഇവയിലെ ബീറ്റ കരോട്ടിനെ വൈറ്റമിന്‍ എയാക്കി മാറ്റുന്നു.
പാലുത്പന്നങ്ങള്‍
യോഗര്‍ട്ട്, സ്മൂത്തികള്‍ പോലുള്ള പാലുത്പന്നങ്ങളും പ്രതിരോധശേഷിയെ ബലപ്പെടുത്തുന്നു. ഇവയിലെ പ്രോബയോട്ടിക്‌സ് ദഹനത്തെ സഹായിക്കും. വൈറ്റമിനുകള്‍, ലിപിഡുകള്‍, പ്രോട്ടീനുകള്‍ എന്നിവയും ഇവയില്‍ അടങ്ങിയിരിക്കുന്നു.
സിട്രസ് പഴങ്ങള്‍
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ അത്ഭുതകരമായ കഴിവുണ്ട് സിട്രസ് പഴങ്ങള്‍ക്ക്. ഫ്‌ളെവനോയ്ഡുകളാല്‍ സമ്പന്നമാണ് സിട്രസ് പഴങ്ങള്‍. ഫ്‌ലെവനോയ്ഡുകള്‍ പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ് എന്നിവയ്ക്കെതിരെ അതിശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനാല്‍ ഇവ അടങ്ങിയ സിട്രസ് പഴങ്ങള്‍ ഈ രോഗങ്ങളില്‍ നിന്ന് നമുക്ക് സംരക്ഷണം നല്‍കും. ഓറഞ്ച്, നാരങ്ങ, മുന്തിരിങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ ദിവസം ഒരു നേരമെങ്കിലും കഴിക്കാന്‍ ശ്രമിക്കുക.
ബ്ലൂബെറി
ബ്ലൂബെറിയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്‌ട്രെസിനെ പ്രതിരോധിക്കും. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
STORY HIGHLIGHTS: Immunity Boosting Fruits