Travel

ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇതൊക്കെയാണ്..-Tourist places in Idukki

ഇടുക്കി കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങളുടെ കവലറ കൂടിയാണ്

മലയോര ജില്ലയായ ഇടുക്കി മനോഹരമായ മലനിരകളാലും നിബിഡ വനങ്ങളാലും സമൃദ്ധമാണ്. കേരളജനതയെ സംബന്ധിച്ചിടത്തോളം ഇടുക്കി വൈദ്യുതിയുടെ കലവറയാണ്. സംസ്ഥാനത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങളുടെ 66 ശതമാനത്തോളം ഇടുക്കിയിലെ വിവിധ ജലവൈദ്യുതി പദ്ധതികളില്‍നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

കേരളത്തിലെ പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന ഇടുക്കി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജില്ലയാണെങ്കിലും ജനസാന്ദ്രതയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലാണ്. ഇടുക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളും വനഭൂമിയാണ്. നഗര പ്രദേശങ്ങളില്‍ ജനസാന്ദ്രത കൂടുതലാണെങ്കിലും ഭൂരിഭാഗം വരുന്ന ഗ്രാമങ്ങളിലും ജനസാന്ദ്രത വളരെ കുറവാണ്. ഇടുക്കി കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങളുടെ കവലറ കൂടിയാണ്. നിരവധി വിനോദ സഞ്ചാരികളാണ് ദിനംപ്രതി ഇടുക്കിയുടെ ഭംഗി കണ്ട് മടങ്ങുന്നത്. ഇടുക്കിയിലെത്തിയാല്‍ പ്രധാനമായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..

മൂന്നാര്‍

ഇടുക്കിയുടേതെന്നല്ല കേരളത്തിന്റെ തന്നെ വിനോദ സഞ്ചാര മേഖലയില്‍ പ്രധാനിയാണ് മൂന്നാര്‍. നിരവധി കാഴ്ചകളും റിസോര്‍ട്ടുകളും മൂന്നാര്‍ മേഖലയില്‍ ഉണ്ട്. ബ്രിട്ടീഷ്‌കാരുടെ കാലം മുതല്‍ തന്നെ മൂന്നാര്‍ പ്രശസ്തമാണ്. മറ്റെന്തിനേക്കാളും ഇവിടുത്തെ കാലാവസ്ഥയാണ് എടുത്തു പറയേണ്ട ഒന്ന്. കേരളത്തിലെ പ്രധാന ഹണിമൂണ്‍ ഡെസ്റ്റിനേഷനിലും മൂന്നാറിന്റെ പേര് ഒഴിച്ചുകൂടാന്‍ ആകാത്തതാണ്.12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ സാന്നിധ്യവും ഈ മനോഹര ഗ്രാമത്തിന്റെ പ്രശസ്തി എല്ലാ നാടുകളിലും എത്തിച്ചു.

മീശപ്പുലിമല

ഇടുക്കി ജില്ലയിലെ മൂന്നാറില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല. ആനമുടി കഴിഞ്ഞാല്‍ കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മീശയുടെ രൂപത്തിലാണ് ഈ പര്‍വ്വതനിര കാണപ്പെടുന്നത്ത്. കോടയും തുഷാരവും മേഘത്തട്ടുമാണ് മീശപ്പുലിമലയിലെ സ്ഥിരം കാഴ്ചകള്‍. മുന്‍പ് കൊളുക്കുമല വഴി പ്രൈവറ്റ് ജീപ്പ് സര്‍വീസ് വഴിയായിരുന്നു മീശപ്പുലിമലയിലേക്ക് എത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ഫോറസ്റ്റ് വകുപ്പിന്റെ പാക്കേജ് മുഖാന്തരം മാത്രമേ മീശപ്പുലിമലയിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കുള്ളൂ.

ഇടുക്കി ആര്‍ച് ഡാം

സ്വദേശികളും വിദേശികളുമായ ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്ന്പോകുന്നു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കി ആര്‍ച് ഡാം. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കുന്നത്. 5 നദികളും 20 ഇതര ഡാമുകളും ഒരു ഭൂഗര്‍ഭ പവര്‍ ജനറേറ്ററും അനേകം ഭൂഗര്‍ഭ തുരങ്കങ്ങളും അടങ്ങുന്ന ജലവൈദ്യുത നിലയമാണ് ഇടുക്കി ആര്‍ച് ഡാം. 550 അടി ഉയരവും 650 അടി വീതിയുമുണ്ട് ഈ ഡാമിന്. ചെറുതോണി ഡാമിനരികില്‍ തന്നെയാണ് ഇടുക്കി ആര്‍ച് ഡാം. ഇടുക്കി വന്യജീവിസങ്കേതം ഈ ആര്‍ച്ഡാമിന്സമീപത്ത്തന്നെയാണ്.

Idukki dam

കല്‍വാരി മൗണ്ട് അവലോകനം

ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കാല്‍വരി അല്ലെങ്കില്‍ കാല്‍വരി മൗണ്ട് ഇടുക്കിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു പര്‍വ്വതമാണ്. കാല്‍വരി മൗണ്ടിലെ കല്യാണത്തണ്ടു വ്യൂപോയിന്റില്‍ എത്തിയാല്‍ കുറവന്‍, കുറത്തി മലനിരകള്‍, ഇടുക്കി അണക്കെട്ടുകള്‍ എന്നിവയ്ക്കിടയിലുള്ള ജലസംഭരണിയിലെ ശാന്തമായ ജലത്തിന്റെ അതിശയകരമായ ദൃശ്യങ്ങള്‍ കാണാം. വ്യൂപോയിന്റില്‍ നിന്ന് മലമുകളിലേക്കുള്ള പാത വളരെ കുത്തനെയുള്ളതാണ്. ഒരു വശത്ത് ഇടുക്കി മുതല്‍ അയ്യപ്പന്‍കോവില്‍ വരെയുള്ള ഇടുക്കി ജലസംഭരണിയുടെ ചിത്രവും മറുവശത്ത് കാമാക്ഷി, മരിയാപുരം എന്നീ കുഗ്രാമങ്ങളുടെ ചിത്രപരമായ കാഴ്ചയും കലവരി മൗണ്ട് പ്രദാനം ചെയ്യുന്നു.

വാഗമണ്‍

കോട്ടയം ജില്ലയുമായി അതിര്‍ത്തി പങ്കിട്ടു ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമണ്‍. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ ഈരാറ്റുപേട്ടയില്‍ നിന്നും 25 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ഉള്‍പ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്. പശ്ചിമഘട്ടത്തിന്റെ അതിരില്‍ സമുദ്ര നിരപ്പില്‍ നിന്നും 1100 മീറ്റര്‍ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്ണില്‍ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. മാര്‍മല അരുവിയും ഇല്ലിക്കല്‍ കല്ലും ഏന്തയാറും മുണ്ടക്കയവും പൈന്‍ ഫോറസ്റ്റും ഒക്കെ കൊണ്ട് കാഴ്ചയുടെ സ്വര്‍ഗ്ഗം തീര്‍ക്കുന്ന വാഗമണ്ണിന്റെ വിശേഷങ്ങള്‍ അനേകമാണ്.

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം

ഏതാണ്ട് ഏഴോളം വെള്ളച്ചാട്ടങ്ങളാണ് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിലുള്ളത്. വെള്ളച്ചാട്ടത്തിനെ ഇവിടെയുള്ളവര്‍ പറയുന്നത് കുത്ത് എന്ന പേരിലാണ്. അങ്ങനെ ഓരോ വെള്ളച്ചാട്ടത്തിന്റെ പേരിലും കുത്ത് ചേര്‍ത്ത് പറയുന്നു. കാട്ടു വഴിയിലൂടെയാണ് ഈ വെള്ളച്ചാട്ടങ്ങള്‍ കാണേണ്ടത്. നിരവധി വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. ഒരു വെള്ളച്ചാട്ടത്തില്‍ നിന്നും മറ്റൊരു വെള്ളച്ചാട്ടം കാണുവാനായി ഈ കാട്ടുവഴികളിലൂടെ നടക്കേണ്ടതുണ്ട്. കല്ലും വന്‍പാറകളും നിറഞ്ഞ കാട്ടുവഴികളാണിത്. ഈ പാറക്കൂട്ടുകള്‍ക്കിടയിലൂടെ അരുവികള്‍ ഒഴുകുന്നുണ്ട്. ഈ നടത്തത്തില്‍ അരുവികളെയും കാണാന്‍ സാധിക്കും. ഇവിടെ വേണമെങ്കില്‍ ഇറങ്ങി കുളിക്കുവാനുള്ള സൗകര്യവുമുണ്ട്.

രാമക്കല്‍ മേട്

കേരള തമിഴ്‌നാട് അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ ഒരു മനോഹര സ്ഥലമാണ് രാമക്കല്‍ മേട്. ഇവിടുത്തെ കാറ്റും കാഴ്ചകളും ആണ് പ്രത്യേകത. മലമുകളില്‍ നിന്നും ഉള്ള തമിഴ്‌നാടിന്റെ കാഴ്ചകളും, കുറവന്‍ കുറത്തി ശില്‍പവും ഒക്കെയാണ് രാമക്കല്‍ മേട്ടില്‍ ഉള്ളത്.

STORY HIGHLIGHTS: Tourist places in Idukki