India

സംഘർഷ സാധ്യത; ഇസ്രായേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് നീട്ടി എയർ ഇന്ത്യ

ടെൽ അവീവിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകും.

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാധ്യതാ പശ്ചാത്തലത്തിൽ ഇസ്രായേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് നീട്ടി എയർ ഇന്ത്യ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ടെൽ അവീവിലേക്കുള്ള സർവീസ് നിർത്തിവയ്ക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. നേരത്തെ ആ​ഗസ്റ്റ് എട്ടു വരെ എയർ ഇന്ത്യ സർവീസ് നിർത്തിവച്ചിരുന്നു. ഇതാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

‘മിഡിൽ ഈസ്റ്റിൻ്റെ ചില ഭാഗങ്ങളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് തെൽ അവീവിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ വിമാനങ്ങളുടെ ഷെഡ്യൂൾ ചെയ്ത ഓപ്പറേഷൻ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തി”- എയർ ഇന്ത്യ എക്‌സിൽ കുറിച്ചു.

‘അവിടുത്തെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചു വരികയാണ്. തെൽ അവീവിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകും. ഞങ്ങളുടെ അതിഥികളുടെയും ജീവനക്കാരുടേയും സുരക്ഷയ്ക്ക് ഞങ്ങൾ മുൻ​ഗണന നൽകുന്നു’- എയർ ഇന്ത്യ അറിയിച്ചു.

വിമാനം റദ്ദാക്കലുകളെക്കുറിച്ചും റീഫണ്ടുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് 011-69329333/011-69329999 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാമെന്നും എയർ ഇന്ത്യ അറിയിച്ചു.

ഡല്‍ഹിയില്‍നിന്ന് ടെല്‍ അവീവിലേക്ക് എയര്‍ഇന്ത്യ ആഴ്ചയില്‍ നാലു സര്‍വീസുകളാണ് നടത്തുന്നത്. നേരത്തെ, വ്യാഴാഴ്ച വരെയുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. പശ്ചിമേഷ്യയില്‍ തുടരുന്ന അനിശ്ചിതത്വത്തിനിടെ മറ്റ് വിമാനക്കമ്പനികളും ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഡല്‍റ്റ എയര്‍ലൈന്‍സിന്റെ ന്യൂയോര്‍ക്കിനും ടെല്‍ അവീവിനും ഇടയിലുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

ഹമാസ് രാഷ്ട്രീയകാര്യമേധാവി ഇസ്മയില്‍ ഹനിയെയുടെ കൊലപാതകത്തെത്തുടര്‍ന്നാണ് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ പുതിയ പ്രസിഡന്റ് മസൂദ് പെസ്ഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയപ്പോഴായിരുന്നു ഹനിയെ വധിക്കപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഹമാസും ഇറാനും ആരോപിക്കുന്നത്.

Latest News