Kerala

വയനാട്ടില്‍ ക്യാമ്പിൽ കഴിയുന്നവർക്ക് 10000 രൂപ ധനസഹായം നല്‍കും: മന്ത്രി റിയാസ്

125 വാടകവീടുകൾ തയാറായി

കല്‍പ്പറ്റ: വയനാട്ടിലെ ക്യാമ്പിൽ കഴിയുന്നവർക്ക് 10000 രൂപ ധനസഹായം നല്‍കുമെന്നും വാടക ഉൾപ്പെടെ മറ്റൊരു വാസസ്ഥലം സജ്ജമാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 125 വാടകവീടുകൾ തയാറായി. വായ്പ, പലിശ പിരിവ് എന്നിവ കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബിഹാറിന് സമാനമായ സഹായം ലഭിക്കണം. 2000 കോടിയുടെ പുനർനിർമാണ പാക്കേജ് ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടലില്‍ വാസസ്ഥലം നഷ്ടമായവര്‍ക്ക് മറ്റൊരിടത്തേക്ക് മാറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു.

മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവര്‍ക്കും സഹായം ലഭിക്കും. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും 30 ദിവസം നല്‍കും. ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കാണ് ആനുകൂല്യം. കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങളിലെ മൂന്ന് പേര്‍ക്ക് ആനുകൂല്യം ലഭിക്കും.

ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി 10,000 രൂപ വീതം അനുവദിക്കും. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ദുരന്തത്തെ തുടര്‍ന്ന് ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാന്‍ കഴിയും വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.