ന്യൂഡൽഹി: രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കറിനെതിരെ ഇംപീച്ച്മെന്‍റ് നീക്കവുമായി പ്രതിപക്ഷം. ജയാ ബച്ചനുമായി ധന്‍കര്‍ നടത്തിയ വാക്കേറ്റത്തിന് പിന്നാലെയാണ് പ്രതിപക്ഷ നീക്കം. പ്രതിപക്ഷത്തെ നിരന്തരം അപമാനിക്കുന്ന ധന്‍കറെ നീക്കണമെന്നാണ് ആവശ്യം. പ്രമേയത്തിന്മേലുള്ള നീക്കം തുടങ്ങിയതോടെ സമ്മേളനം വെട്ടിച്ചുരുക്കി രാജ്യസഭ പിരിഞ്ഞു.
സഭയിൽ സംസാരിക്കാൻ ക്ഷണിക്കുന്നതിനിടെ ഉപരാഷ്ട്രപതി ജയ ബച്ചനെ ‘ജയ അമിതാഭ് ബച്ചൻ’ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നാണ് തർക്കം ഉണ്ടായത്. ജഗദീപ് ധന്കർ സ്വീകാര്യമല്ലാത്ത സ്വരത്തിൽ സംസാരിച്ചുവെന്നാണ് ജയ ബച്ചന്റെ ആരോപണം. ഇതിനെ തുടർന്ന് പ്രതിപക്ഷ എംപിമാർ സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ രാജ്യസഭ ചെയർമാൻ ജഗദീപ് ധൻകറിനെതിരെ ഇമ്പീച്ച്മെൻ്റ് പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. ജഗദീപ് ധൻകർ ജയ ബച്ചനെ അധിക്ഷേപിച്ചെന്നാണ് ആരോപണം.
“ഞാനൊരു കലാകാരിയാണ്. ഒരാളുടെ ശരീരഭാഷയും ഭാവങ്ങളും എനിക്ക് മനസ്സിലാകും. ജഗദീപ് ധൻകർ തന്നോട് സ്വീകാര്യമല്ലാത്ത സ്വരത്തിലാണ് സംസാരിച്ചത്. അദ്ദേഹം എൻ്റെ സഹപ്രവർത്തകനാണ്. പക്ഷേ അദ്ദേഹത്തിന്റെ ടോൺ എനിക്ക് അസ്വീകാര്യമാണ്”, ജയ ബച്ചൻ പറഞ്ഞു. മാത്രമല്ല ജഗദീപ് ധൻകർ മാപ്പ് പറയണമെന്നും ജയ ബച്ചൻ ആവശ്യപ്പെട്ടു.
ഇതുകേട്ട് പൊട്ടിത്തെറിച്ച ധന്‍കര്‍, ജയാ ബച്ചന്‍ നടിയാണെങ്കില്‍ സഭയിലെ സംവിധായകനാണ് താനെന്നും പറയുന്നത് അനുസരിക്കണമെന്നും പറഞ്ഞ് ക്ഷുഭിതനായി. ഇതിനുപിന്നാലെ പ്രതിഷേധിച്ച് സഭ വിട്ട പ്രതിപക്ഷത്തിന് നേരെ പരിഹാസവും, രൂക്ഷ പദവ പ്രയോഗങ്ങളും ധന്‍കര്‍ നടത്തി.
സഭയില്‍ ഏകപക്ഷീയമായി പെരുമാറുന്ന ധന്‍കറിനെതിരെ ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് പിന്നാലെ പ്രതിപക്ഷം നീങ്ങുകയാണ്. പ്രമേയത്തില്‍ എംപിമാര്‍ ഒപ്പ് വയക്കുന്ന നടപടികള്‍ തുടങ്ങി. സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതിനാല്‍ ശൈത്യകാല സമ്മേളനത്തില്‍ നടപടികള്‍ തുടരും. ഇരുസഭകളിലും പ്രമേയം പാസായെങ്കിലേ ജഗദീപ് ധന്‍കറെ മാറ്റാനാകൂ. പ്രതിപക്ഷത്തോടുള്ള ധന്‍കറിന്‍റെ സമീപനത്തിനെതിരെ തുടക്കം മുതല്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.