വയനാട് ഉരുള്‍പൊട്ടല്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും ജില്ല സന്ദര്‍ശിച്ച കേന്ദ്ര സംഘം. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള കേന്ദ്രസംഘമാണ് സന്ദര്‍ശനം നടത്തിയത്. സംഘം ആദ്യം കലക്ടറേറ്റില്‍ മന്ത്രിസഭാ ഉപസമിതി അംഗമായ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുമായി യോഗം ചേര്‍ന്ന് ഇതുവരെയുള്ള സ്ഥിതി മനസിലാക്കി.
ദുരന്തത്തിന്റെ ആദ്യ ദിനം മുതല്‍ ജില്ലയില്‍ നടപ്പാക്കിയ രക്ഷാപ്രവര്‍ത്തനങ്ങള്‍, തിരച്ചില്‍ നടപടികള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, മൃതശരീരങ്ങളുടെ പോസ്റ്റ്മോര്‍ട്ടം, ബന്ധുക്കള്‍ക്ക് കൈമാറല്‍, സംസ്‌കാരം, ഡി.എന്‍.എ ടെസ്റ്റ്, മരിച്ചവരുടെയും കാണാതായവരുടേയും പട്ടിക ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ വിശദീകരിച്ചു. പ്രദേശത്ത് ഉരുള്‍പൊട്ടലിന് കാരണമായേക്കാവുന്ന സാഹചര്യങ്ങള്‍ കെ.എസ്.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് വിശദീകരിച്ചു.
ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ജനവാസ മേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടം വളരെ വലുതാണെന്നും പുനരധിവാസത്തിനു മാത്രമായി 2000 കോടി രൂപ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സംഘത്തെ ധരിപ്പിച്ചു. മുണ്ടക്കൈ മുതല്‍ ചൂരല്‍മല വരെയുള്ള ദുരന്തബാധിത പ്രദേശങ്ങളുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രസംഘം പരിശോധിച്ചു. കാര്‍ഷിക- വാണിജ്യ വിളകള്‍, കന്നുകാലി സമ്പത്ത്, വീട്, കെട്ടിടങ്ങള്‍, വാണിജ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റോഡുകള്‍, ഇലക്ട്രിസിറ്റി തുടങ്ങി വിവിധ അടിസ്ഥാന സൗകര്യമേഖലകളിലും കനത്ത നാശനഷ്ടമാണുണ്ടായതെന്നും കേന്ദ്ര സംഘത്തെ അറിയിച്ചു.