കല്‍പ്പറ്റ: വയനാട് ഉരുൾപൊട്ടലിന്റെ ഭാഗമായി നടത്തിയ ജനകീയ തെരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ ജനകീയ തെരച്ചിൽ ഉണ്ടായിരിക്കില്ലെന്ന് അധികൃതർ പറഞ്ഞു.
ദുരന്തത്തിൽ 133 പേരെ കാണാതായി എന്നാണ് ഔദ്യോഗിക കണക്ക്. ജനകീയ തെരച്ചില്‍ നടന്ന മേഖലയില്‍ നിന്ന് മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. സൂചിപ്പാറയിൽ നിന്ന് കണ്ടെത്തിയ നാലു മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണ്.
കാടുകയറിയുള്ള തിരച്ചിലിലാണ് നാലു മൃതദേഹങ്ങൾ കാന്തൻപാറ വനമേഖലയിൽ പാറക്കെട്ടുകൾക്കിടയിൽ കണ്ടെത്തിയത്. സന്നദ്ധ പ്രവർത്തകരായ എട്ടംഗ സംഘമായിരുന്നു പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. എന്നാൽ പി പി കിറ്റ് ലഭിക്കാതെ മൃതദേഹം എയർലൈഫ്റ്റ് ചെയ്യാൻ ആകില്ലെന്ന് ഇവർ പറഞ്ഞു.
അതേസമയം വീടും വസ്തുവാകളും പൂർണമായി നഷ്ടപ്പെട്ടവർക്ക് മറ്റൊരു താമസ സ്ഥലത്തേക്ക് മാറുന്നതിനായുള്ള ആശ്വാസ ധനസഹായവും സർക്കാർ അടിയന്തരമായി പ്രഖ്യാപിച്ചിട്ടുണ്ട് .ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഓരോ വ്യക്തിക്കും 300 രൂപ വീതം ആശ്വാസ ധനസഹായം നൽകാനാണ് തീരുമാനം.