ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ജയില്‍ മോചിതനായി. 17 മാസമായി തിഹാര്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വൈകുന്നേരം തിഹാറിൽ ജയിലിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാൻ നൂറുകണക്കിന് ആംആദ്മി പാർട്ടി പ്രവർത്തകരും നേതാക്കളുമാണ് പുറത്ത് തടിച്ചുകൂടിയത്. ‘ഇൻക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കി അവർ സിസോദിയയെ വരവേറ്റു.
‘രാവിലെ ജാമ്യ ഉത്തരവ് വന്നതു മുതൽ, എൻ്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും ബാബാസാഹിബ് അംബേദ്കറിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തോടുള്ള ഈ കടം ഞാൻ എങ്ങനെ വീട്ടുമെന്ന് എനിക്ക് മനസിലാകുന്നില്ല’- പുറത്തിറങ്ങിയതിനു പിന്നാലെ സിസോദിയ പ്രതികരിച്ചു.
തന്നെപ്പോലെ ഭരണഘടനയുടെ ശക്തിയില്‍ അരവിന്ദ് കെജ്‌രിവാളും പുറത്തുവരുമെന്ന് ജനക്കൂട്ടത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെ സിസോദിയ പറഞ്ഞു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സിസോദിയ നാളെ രാജ്ഘട്ട് സന്ദര്‍ശിക്കും.
2023 ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐയെ അറസ്റ്റ് ചെയ്തത്. ഒന്നര വർഷത്തിന് ശേഷമാണ് മനീഷ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നത്. ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ തുടങ്ങാത്തത്തിന്‍റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിൻ്റെ ലംഘനമാണെന്നും നിരീക്ഷിച്ചുകൊണ്ട് കോടതി ജാമ്യം അനുവദിച്ചത്. ഭരണകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.