Thiruvananthapuram

വനിതാ പോലീസിന്റെ ഗുണ്ടായിസം റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ / Policewomen’s hooliganism in real estate sector

നഗരത്തിലെ പഴയ ഗുണ്ടാനേതാവ് ഗുണ്ടുകാട് സാബു തലപൊക്കുന്നു

കൊലപാതകങ്ങളും ഗുണ്ടാ കുടിപ്പകയുമൊക്കം തിരുവനന്തപുരത്ത് സര്‍വ്വസാധാരണമായിക്കഴിഞ്ഞു. പരസ്പരം വെട്ടിയും കുത്തിയുമൊക്കെ ചാകുമ്പോള്‍ എല്ലാം അവസാനിച്ചെന്ന് വിശ്വസിക്കുന്ന നഗരവാസികള്‍ക്കു മുമ്പില്‍ വീണ്ടും വീണ്ടും ഗുണ്ടാ കൊലപാതകങ്ങള്‍ അരങ്ങേറുന്നുണ്ട്. ഗുണ്ടാ ആക്രമണങ്ങള്‍ക്കും കൊലപാതകത്തിനും പോലീസുകാര്‍ തന്നെ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊൊടുത്താല്‍ പിന്നെ എന്തായിരിക്കും നടക്കുകയെന്ന് പറയുകയും വേണ്ട. പ്രത്യേകിച്ച് വനിതാ പോലീസുകാരാണെങ്കിലോ. പോത്തന്‍കോട് സ്വദേശിനിയെ റിയല്‍ എസ്‌റ്റേറ്റിന്റെ മറവില്‍ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടു വനിതാ പോലീസുകാര്‍ക്കെതിരേ പോത്തന്‍കോട് പോലീസ് കേസെടുത്തിരിക്കുകയാണ്. പോലീസുകാരികള്‍ക്കൊപ്പം പഴ ഗുണ്ടാ നേതാവ് ഗുണ്ടുകാട് സാബുവുമുണ്ട്.

അടുത്ത കാലത്തായി ഗുണ്ടുകാട് സാബുവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ, ഇപ്പോള്‍ വനിതാ പോലീസുകാരുടെ ക്വട്ടേഷന്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് സാബുവിന്റെ പേര് വീണ്ടും കേള്‍ക്കുന്നത്. ഇതോടെ നഗരത്തിലെ പഴതും പുതിയതുമായ ഗുണ്ടകള്‍ സജീവമായെന്ന് തന്നെ പറയാനാകും. വിഴിഞ്ഞം തുറമുഖ പദ്ധതി യാീഥാര്‍ഥ്യമായതോടെയാണ് റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ വീണ്ടം തലപൊക്കിയിരിക്കുന്നത്. നേരത്തെ വിഴിഞ്ഞം തുറമുഖ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഗുണ്ടാസംഘങ്ങള്‍ റിയല്‍ എസ്റ്റേറ്റില്‍ പിടിമുറുക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അടിച്ചമര്‍ത്തുകയായിരുന്നു.

എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ട പരാതിയാണ് ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്തെ രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കാട്ടായിക്കോണം സ്വദേശി ആതിര പരാതി നല്‍കിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ മറവില്‍ സൗഹൃദം നടിച്ച് 19 ലക്ഷം രൂപ പേയാട് സ്വദേശികളായ സംഗീത, സഹോദരി സുനിത എന്നീ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായാണ് പരാതി. ആതിരയുടെ പരാതിയില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും വസ്തുവോ പണമോ തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. ആതിര പണം തിരികെ ആവശ്യപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയ്ക്ക് ക്വട്ടേഷന്‍ നല്‍കി.

തുടര്‍ന്ന് ആതിരയെ തേടിയെത്തിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബുവിന്റെ ഫോണ്‍ കോളായിരുന്നു. പണം തിരികെ ആവശ്യപ്പെടരുതെന്ന് ഗുണ്ടുകാട് സാബു ഭീഷണിപ്പെടുത്തിയതായി ആതിരയുടെ പരാതിയില്‍ പറയുന്നു. പണം തട്ടിയെടുത്തതിനും ഭീഷണിപ്പെടുത്തിയതിനും പോത്തന്‍കോട് പൊലീസ് കേസെടുത്തു. സംഗീത, സുനിത, ഗുണ്ടുകാട് സാബു സുനിതയുടെ ഭര്‍ത്താവും സൈനികനുമായ ജിപ്സണ്‍ രാജ്, ശ്രീകാര്യം സ്വദേശി ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഗീത വിഴിഞ്ഞം കോസ്റ്റല്‍ സ്റ്റേഷനിലും സുനിത തൃശൂര്‍ വനിത സെല്ലിലേയും പൊലീസുകാരാണ്.

ഇന്നലെ രാത്രി തിരുവനന്തപുരത്ത് മൂന്നംഗ സംഘം ഒരു ഗുണ്ടാ നേതാവിനെ വെട്ടി കൊന്നിരുന്നു. വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. വെട്ടേറ്റ് മൂന്നു മണിക്കൂറോളം റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംക്ഷനില്‍ ആയിരുന്നു സംഭവം. മൂന്നംഗ സംഘം കാറിലെത്തിയാണ് ജോയിയെ വെട്ടിയത്. പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി മൂന്നുദിവസം മുന്‍പാണ് ജയിലില്‍ നിന്നിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിലായിരുന്നു ജോയിയുടെ താമസം.

രണ്ടു കാലിലും ഗുരുതര പരുക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ രണ്ടു മണിയോടെയോടെ മരിക്കുകയായിരുന്നു. പ്രതികളെ പിടികൂടിയിട്ടില്ല. ഗുണ്ടാ കുടിപ്പകയാകാം കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തലസ്ഥാന നഗരത്തില്‍ അടിക്കടി ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പക തീര്‍ക്കല്‍ അരങ്ങേറാറുണ്ട്. ഇതിലെല്ലാം പോലീസിന്റെ നമിലപാട്, ഗുണ്ടകള്‍ തമ്മില്‍ വെട്ടിയും കുത്തിയും ചാകട്ടെ എന്നാണ്. പക്ഷെ, സാധാരണക്കാരുടെ ജീവിതത്തിലേക്ക് റിയല്‍ എസ്റ്റേറ്റും, മണ്ണു മാഫിയയും, ബ്ലോഡ് കമ്പനി ക്വട്ടേഷനുമായൊക്കെ വരുമ്പോഴാണ് പോലീസ് ശഖ്തമായി ഇടപെടുന്നത്.

 

content highlights; Policewomen’s hooliganism in real estate sector

Latest News