Health

പാഷന്‍ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്നറിയാമോ?- Benefits of Passion Fruit

പൊട്ടാസ്യം, കാല്‍സ്യം, അയണ്‍, ഫൈബര്‍, ഫോസ്ഫറസ്, നിയാസിന്‍, വൈറ്റമിന്‍ ബി 6 എന്നിവ പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്

മിക്ക വീടുകളിലും സുലഭമായി കിട്ടുന്ന ഒരു ഫ്രൂട്ട് ആണ് പാഷന്‍ ഫ്രൂട്ട്. വീട്ടില്‍ വളര്‍ത്തുവാന്‍ വളരെ എളുപ്പമുളള ഒരു ഫലം കൂടിയാണിത്. വള്ളിപ്പടര്‍പ്പുകളില്‍ ആണ് ഈ ഫലം കായ്ക്കുന്നത്. വീടുകളില്‍ സുലഭമായതിനാല്‍ ഇത് മിക്കവരും കഴിക്കാറുമുണ്ട്. പക്ഷേ കഴിക്കുന്നവര്‍ക്ക് ഒരുപക്ഷേ ഇതിന്റെ ഗുണങ്ങള്‍ അറിയണമെന്നില്ല. നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ഫാഷന്‍ഫ്രൂട്ട്.

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പഴമാണ് പാഷന്‍ ഫ്രൂട്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷന്‍ ഫ്രൂട്ട് ഗുണകരമാണ്. വൈറ്റമിന്‍ സിയും ഇതില്‍ ഉണ്ട്. കൂടാതെ പൊട്ടാസ്യം, കാല്‍സ്യം, അയണ്‍, ഫൈബര്‍, ഫോസ്ഫറസ്, നിയാസിന്‍, വൈറ്റമിന്‍ ബി 6 എന്നിവയും പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്.

പാഷന്‍ഫ്രൂട്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

സമ്മര്‍ദ്ദം കുറയ്ക്കും

പാസിഫോറ കുടുംബത്തില്‍പെട്ട പാഷന്‍ ഫ്രൂട്ടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പാസിഫോറിന്‍ എന്ന ഘടകം മാനസിക സമ്മര്‍ദ്ദം അകറ്റാനുള്ള ഒറ്റമൂലിയാണ്. പല മരുന്നുകളിലേയും അവിഭാജ്യ ഘടകമാണിത്. ടെന്‍ഷന്‍ മാത്രമല്ല ഹൃദ്രോഗത്തേയും കാന്‍സറിനെയും പ്രതിരോധിക്കാന് പാഷന്‍ ഫ്രൂട്ടിന് കഴിയും.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കില്ല

കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്സ് (ജിഐ) മൂല്യമുള്ള ഒരു പഴമാണ് പാഷന്‍ ഫ്രൂട്ട്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ വര്‍ദ്ധനവിന് ഇത് കാരണമാകില്ല. ഇത് പ്രമേഹമുള്ളവര്‍ക്ക് നല്ലൊരു ഓപ്ഷനാണ്.

നാരുകളുടെ ഉറവിടം

പാഷന്‍ ഫ്രൂട്ട് പള്‍പ്പില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ എല്ലാ ഭക്ഷണക്രമത്തിലും ഒരു പ്രധാന ഘടകമാണ്. ഇത് ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യം നിലനിര്‍ത്താനും മലബന്ധം, കുടലിന് വരുന്ന മറ്റ് അസുഖങ്ങള്‍ എന്നിവ തടയാനും നിങ്ങളെ സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം

പാഷന്‍ ഫ്രൂട്ടില്‍ പൈറ്റോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പാഷന്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ചര്‍മ്മകോശങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ഉറച്ചതും ആരോഗ്യമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്തുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

പാഷന്‍ ഫ്രൂട്ടില്‍ ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമായ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ സോഡിയം കുറവുമാണ്. പാഷന്‍ ഫ്രൂട്ട്, വിത്തുകള്‍ക്കൊപ്പം കഴിക്കുമ്പോള്‍, ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തക്കുഴലുകളുടെ ഉള്ളില്‍ നിന്ന് അധിക കൊളസ്ട്രോള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ഉയര്‍ന്ന ഫൈബര്‍ ഡയറ്റ് ഒരു വ്യക്തിയുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ദഹനപ്രക്രിയയെ സഹായിക്കുന്നു

നാരുകള്‍ ധാരാളം അടങ്ങിയ പഴമായതിനാല്‍ ഇവ ദഹനപ്രക്രിയയെ സഹായിക്കുന്നു. പാഷന്‍ ഫ്രൂട്ടില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു.

STORY HIGHLIGHTS: Benefits of Passion Fruit