പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകളില്‍ ലോഗോ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി തോഖന്‍ സാഹുവാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. വീടുകളില്‍ ലോഗോ പ്രദര്‍ശിപ്പിക്കുന്നത് വിവേചനത്തിന് ഇടയാക്കുമെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റ നിര്‍ദേശം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ ഭവന നിര്‍മ്മാണ സഹായ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന വഴി നിര്‍മ്മിക്കുന്ന വീടുകളില്‍ ലോഗോ നിര്‍ബന്ധമാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി തോഖന്‍ സാഹുവാണ് അറിയിച്ചത്. ജെബി മേത്തര്‍ എം പിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. നാല് വിഭാഗങ്ങളിലായാണ് സഹായം അനുവദിക്കുന്നത്. ചേരി പുനര്‍വികസനത്തിന് ഒരു ലക്ഷം രൂപയും സ്വന്തമായി വീട് നിര്‍മിക്കുന്ന ഗുണഭോക്താക്കള്‍ക്ക് 1.5 ലക്ഷം രൂപയും വീട് വെക്കാന്‍ വായ്പയെടുക്കുന്നവര്‍ക്ക് സബ്‌സിഡിയായി 2.67 ലക്ഷം രൂപയും നര്‍കുന്നതാണ് പദ്ധതി.
വീടുകളില്‍ ലോഗോ പ്രദര്‍ശിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വിവേചനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിഎംഎവൈ അര്‍ബന്‍, റൂറല്‍ സ്‌കീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് പദ്ധതികളെ ലൈഫ് മിഷന്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഒറ്റ ഭവന പദ്ധതി ആരംഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 72,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപയുമാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ സഹായം ലഭിക്കുക. വീടുകള്‍ ബ്രാന്‍ഡ് ചെയ്തില്ലെങ്കില്‍ ഫണ്ട് അനുവദിക്കില്ലെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനിന്നതോടെ, കേരളം ബ്രാന്‍ഡിംഗ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രത്തിന് കത്തയച്ചിരുന്നു.