സീനിയര്‍ ഐ.പി.എസ് ഓഫീസറായ നിതിന്‍ അഗര്‍വാള്‍ കേരളത്തിലേക്ക് തിരിച്ചു വരുന്നതോടെ പോലീസ് തലപ്പത്ത് അഴിച്ചു പണിക്ക് കളമൊരുങ്ങുകയാണ്. ബി.എസ്. എഫ് മേധാവി പദവിയില്‍ നിന്നും കേന്ദ്രം നീക്കിയതോടെയാണ് കേരള കേഡറിലേക്ക് നിതിന്‍ അഗര്‍വാള്‍ എത്തുന്നത്. ജമ്മുവിലെ നുഴഞ്ഞു കയറ്റവുമായി ബന്ധപ്പെട്ടുണ്ടായ വലിയ വീഴ്ചയാണ് സ്ഥാനം തെറിക്കാന്‍ വഴിവെച്ചതെന്നാണ് സൂചന. നിതിന്‍ അഗര്‍വാള്‍ എത്തുന്നതോടെ ഡി.ജി.പി സ്ഥാനത്തേക്കുള്ള സീനിയോരിട്ടി പ്രശ്‌നം രൂക്ഷമാകും. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനേക്കാള്‍ സീനിയറാണ്. നിതിന്‍ അഗര്‍വാള്‍.
എന്നാല്‍, ഡി.ജി.പിയായി നിതിന്‍ അഗര്‍വാളിനെ കേരളസര്‍ക്കാര്‍ നിയമിക്കാന്‍ സാധ്യത ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. മാത്രമല്ല, ഇപ്പോഴത്തെ ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് ഒരു വര്‍ഷത്തോളം കാലാവധി അവശേഷിക്കുന്നതിനാല്‍ അദ്ദേഹം തന്നെ തല്‍സ്ഥാനത്ത് തുടര്‍ന്നേക്കും. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കില്‍ നിതിന്‍ അഗര്‍വാളിനെ പരിഗണിക്കാന്‍ സാധ്യതയുള്ളത് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍, സംസ്ഥാന ജയില്‍ മേധാവി, ഫയര്‍ ഫോഴ്‌സ് മേധാവി തസ്തികയിലേക്കാണ്. ഇതില്‍ തന്ത്രപ്രധാനമായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് നിതിന്‍ അഗര്‍വാളിനെ പരിഗണിക്കണമെങ്കില്‍, രാഷ്ട്രീയ തീരുമാനം അനുകൂലമാകണം.
നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ടി.കെ വിനോദ് കുമാര്‍ വി.ആര്‍.എസ് എടുത്ത് പോകാനിരിക്കുന്ന സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് സര്‍ക്കാരിന് പകരം ആളെ കണ്ടെത്തേണ്ടതുണ്ട്. നിതിന്‍ അഗര്‍വാള്‍ അല്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യത ഉള്ളവരുടെ പട്ടികയില്‍ കെ. പത്മകുമാറുമുണ്ട്. കോണ്‍ഗ്രസ്സ് ഉന്നത നേതാക്കളുമായുള്ള അടുപ്പവും, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ചില ‘ഇടപെടലുകളുമാണ് ‘ നിലവില്‍ സംസ്ഥാനത്തുള്ള ഏറ്റവും സീനിയറായ കെ. പത്മകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരിക്കാന്‍ കാരണമായത്.
അങ്ങനെയുള്ള ഒരാളെ പിണറായി വിജയന്‍ സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് കൊണ്ടു വരുമോ എന്നതും സംശയമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്കുള്ള അതൃപ്തിയും ഒരു കാരണമാണെന്ന വിലയിരുത്തലുകള്‍ സി.പി.എമ്മില്‍ ഉയര്‍ന്നു വരുന്ന സ്ഥിതിയ്ക്ക്, വിജിലന്‍സ് ഡയറക്ടര്‍ നിയമനത്തില്‍ സി.പി.എം നേതൃത്വത്തിന്റെ വികാരം കൂടി സര്‍ക്കാരിന് പരിഗണിക്കേണ്ടതായി വരും. എങ്കിലും ഇക്കാര്യത്തിലും അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേത് തന്നെയായിരിക്കും. 2026 വരെയാണ് നിതിന്‍ അഗര്‍വാളിന് സര്‍വീസ് കാലാവധി ബാക്കിയുള്ളത്.
അപ്രതീക്ഷിതമായാണ് ബി.എസ്.എഫ് മേധാവിയായ നിതിന്‍ അഗര്‍വാളിനെ തല്‍സ്ഥാനത്തു നിന്നും നീക്കി, കേന്ദ്രസര്‍ക്കാര്‍ കേരള കേഡറിലേക്ക് തിരിച്ചയച്ചത്. ഇതു സംബന്ധമായ ഒരു സൂചന പോലും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നില്ല. നിതിന്‍ അഗര്‍വാളിന് പുറമെ ബിഎസ്എഫ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ വൈ.ബി. ഖുറാനിയയെയും കേന്ദ്രം മടക്കി അയച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കെതിരെയുമുള്ള നടപടിയുടെ കാരണം ഔദ്യോഗികമായി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
കേരളത്തില്‍ നിന്ന് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മുന്‍പും മടക്കി അയച്ചിട്ടുണ്ടെങ്കിലും തന്ത്രപ്രധാന പദവിയിലിരിക്കുന്ന ഇത്ര മുതിര്‍ന്ന ഉദ്യോഗസ്ഥരെ തിരിച്ചയക്കുന്ന നടപടി അസാധാരണമാണ്. അതീവ ഗൗരവമുള്ള അച്ചടക്ക നടപടിയാണ് ഇതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ജമ്മുകാശ്മീരിന്റെ രാജ്യാന്തര അതിര്‍ത്തി കാക്കുന്നത് ബിഎസ്എഫ് ആണ്. കൂടാതെ വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന നിയന്ത്രണരേഖ അടക്കം തന്ത്രപ്രധാന മേഖലകളുടെ സുരക്ഷാച്ചുമതലയും ബിഎസ്എഫിനുണ്ട്.
നീണ്ട ഇടവേളയ്ക്കു ശേഷം അടുത്തിടെ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റങ്ങള്‍ കൂടിയതും, ഭീകരാക്രമണം വര്‍ദ്ധിച്ചതിനെയും ഗൗരവമായാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കി കണ്ടിരുന്നത്. ഈ പശ്ചാത്തലത്തില്‍ തന്നെയാണ് നിതിന്‍ അഗര്‍വാള്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍, ബി.എസ്.എഫ് തലപ്പത്ത് നിന്നും ഇപ്പോള്‍ തെറിച്ചിരിക്കുന്നത്. 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ നിതിന്‍ അഗര്‍വാള്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബിഎസ്എഫ് തലപ്പത്ത് എത്തിയത്. കഴിഞ്ഞ രണ്ടുതവണയും കേരളത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഏറ്റവും മുതിര്‍ന്നയാളെന്ന നിലയില്‍ നിതിന്‍ അഗര്‍വാളിന്റെ പേര് പട്ടികയില്‍ ഒന്നാമത് ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ ഉന്നത പദവിയില്‍ ഇരിക്കുന്നതിനാല്‍ കേരളത്തിലേക്ക് വരാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നില്ല.
CONTENT HIGHLIGHTS; Police headship to be reshuffled: Vigilance director to change too