തൃശൂർ: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഭീകരമായ നാശനഷ്ടം സംഭവിച്ച വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രിയുടെ സന്ദർശന ശേഷം അതിൽ പ്രതീക്ഷയുണ്ട്. പുനരധിവാസം ഉറപ്പാക്കണം. ഭാവിയിൽ ദുരന്തങ്ങളിൽ ഇത്രയും ജീവൻ നഷ്ടപ്പെടില്ലെന്ന് ഉറപ്പു വരുത്തണമെന്നും വിഡി സതീശൻ പറഞ്ഞു. ദുരന്ത മേഖലകളിലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷമാണ് സതീശൻ്റെ പ്രതികരണം.
ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഒരാശയക്കുഴപ്പവുമില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും എം.പിമാരും എം.എല്‍.എമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നറിയിപ്പ്- മാറ്റി താമസിപ്പിക്കല്‍ സംവിധാനത്തിന്റെ അഭാവമാണ് വയനാട്ടിലെ ദുരന്തത്തിന്റെ വ്യാപ്തി വലുതാവാന്‍ കാരണം. പ്രകൃതി ദുരന്തങ്ങളെ തടുത്ത് നിര്‍ത്താന്‍ കഴിയില്ല, ആഘാതം ലഘൂകരിക്കാനുള്ള പദ്ധതികളാണ് വേണ്ടതെന്നും സതീശന് അഭിപ്രായപ്പെട്ടു.
ഇനിയുണ്ടാവുന്ന എല്ലാ വികസനപദ്ധതിയിലും നയരൂപവത്കരണത്തിലും കാലാവസ്ഥാ മാറ്റം പ്രധാനഘടകമായിരിക്കണം. അതുകൊണ്ടാണ് കെ- റെയിലിനോടും തീരദേശപാതയോടും നോ പറഞ്ഞത്. വികസനപദ്ധതികള്‍ക്ക് എതിരല്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. വയനാട് സന്ദര്‍ശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ദില്ലിയിലേക്ക് മടങ്ങി.