ബെംഗളൂരു: അങ്കണവാടിയിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകിയ ശേഷം ഉടൻ തന്നെ തിരിച്ചെടുത്ത് ജീവനക്കാർ. മുട്ട കൊടുത്തതിന്റെ വീഡിയോ എടുത്ത ശേഷമാണ് അവ തിരിച്ചെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ അധ്യാപികയെയും സഹായിയേയും സസ്പെൻഡ് ചെയ്തു. കർണാടകയിലെ കൊപ്പൽ ജില്ലയിലെ ഗുൻഡുർ ഗ്രാമത്തിലാണ് സംഭവം.
അങ്കണവാടി ജീവനക്കാർ കുട്ടികൾക്ക് മുട്ട വിളമ്പുകയും പ്രാർഥന നടത്തുകയും ഇതിന്റെ വീഡിയോ പകർത്തുകയും ചെയ്ത ശേഷം പ്ലേറ്റിൽ നിന്ന് അവ തിരികെയെടുക്കുകയായിരുന്നു. കുട്ടികൾ ഒന്ന് രുചിച്ചുപോലും നോക്കുന്നതിനു മുമ്പാണ് പ്ലേറ്റിൽ നിന്നും മുട്ട തിരിച്ചെടുത്തത്. സംഭവത്തിൽ ജീവനക്കാരായ ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കുട്ടികള്‍ മുന്നിലുള്ള പാത്രത്തില്‍ മുട്ടകളുമായി ഇരിക്കുന്നത് വീഡിയോയില്‍ കാണാം. കൈകൂപ്പി ഇരിക്കുന്ന കുട്ടികൾക്ക് അധ്യാപിക പ്രാർഥന പറഞ്ഞുകൊടുക്കുകയും ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്യുന്നു. പ്രാർഥനയ്ക്കു ശേഷം രണ്ടാമത്തെ ജീവനക്കാരി മുട്ടകള്‍ എടുത്തു മാറ്റുന്നത് വീഡിയോയിൽ വ്യക്തമാണ്.
Two Anganwadi workers were suspended in Karnataka’s Koppal district after a video of them went viral in which they were seen taking back eggs from kids’ plates after being served.
The Anganwadi workers served eggs to the kids, recorded the video and then took back the eggs from… pic.twitter.com/vXpMu3UhCK
— IndiaToday (@IndiaToday) August 10, 2024
അങ്കണവാടിയിൽ മുട്ട നിർബന്ധമാണെന്നിരിക്കെയാണ് അധ്യാപികമാർ ഇത്തരത്തിൽ ചെയ്തത്. കുട്ടികൾക്ക് നൽകാനായി എല്ലാ അങ്കണവാടികളിലേക്കും സർക്കാർ നൽകുന്നതാണ് മുട്ടകൾ. ഇവ ഉച്ചഭക്ഷണത്തോടൊപ്പം പുഴുങ്ങി നൽകണം.
‘തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. താഴേത്തട്ടിൽ നിന്ന് ഡിപ്പാർട്ട്‌മെൻ്റിൽ പുരോഗതി കൊണ്ടുവരാൻ ഞാൻ പാടുപെടുകയാണ്. പോഷകസമൃദ്ധമായ ഭക്ഷണവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നൽകുക എന്നതാണ് അംഗൻവാടികളുടെ അടിസ്ഥാന ലക്ഷ്യം. പാവപ്പെട്ട കുട്ടികൾക്ക് അനീതി സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല.’- ഇതേക്കുറിച്ച് പ്രതികരിച്ച മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു,
സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒരു കുട്ടിക്ക് 8 രൂപയാണ് നൽകുന്നത്. കഴിഞ്ഞ 9 വർഷമായി യൂണിറ്റ് നിരക്ക് വർധിപ്പിച്ചിട്ടില്ല. പയർവർഗ്ഗങ്ങളുടെ വില വളരെയധികം വർദ്ധിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ സർക്കാർ മുട്ടയും ഗുണനിലവാരമുള്ള ക്രീം, സമ്പുഷ്ടമായ പാലും നൽകാൻ പദ്ധതിയിടുന്നു. കുട്ടികൾക്ക് ഭക്ഷണം വിളമ്പുമ്പോൾ വിഡിയോ നിർബന്ധമായും ചിത്രീകരിക്കണം’- മന്ത്രി പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ഇരുവർക്കുമെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ക്രമക്കേട് കാണിച്ച ജീവനക്കാരെ പുറത്താക്കണം എന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.