ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ സുപ്രീം കോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുംമ്പാറയാണ് ഹർജി നൽകിയത്.
2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേരളത്തിനു ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ പറയുന്നു. മുൻക്കാല വിധികൾ നിയമപരമായി തെറ്റെന്നും ഹർജിക്കാരൻ വാദം ഉയർത്തുന്നു.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജണല്‍ ചീഫ് എന്‍ജിനീയര്‍ എസ് രമേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കുന്നതിനുമായിരുന്നു സന്ദര്‍ശനം നടത്തിയത്.