കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ബാധിത പ്രദേശവും ജനങ്ങളെയും കാണാനെത്തി, താൻ നേരിട്ട ദുരന്തം കൂടി ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മോർബിയിൽ മച്ചു ഡാം തകർന്നുണ്ടായ ദുരന്തമാണ് പ്രധാനമന്ത്രി ഓർത്തെടുത്തത്. അന്ന് ആ പ്രദേശത്ത് രക്ഷാപ്രവർത്തകനായി താനുമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 45 വർഷം മുമ്പ് 1979 ഓഗസ്റ്റ് 11 നായിരുന്നു ഗുജറാത്തിലെ മോർബിയിൽ മച്ചു ഡാം തകർന്നത്.
മുണ്ടക്കൈ ദുരന്തമേഖല സന്ദർശിച്ച് പ്രദേശത്തിന്റെ അവസ്ഥ നേരിട്ടറിഞ്ഞതിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുടംബാംഗങ്ങൾ മണ്ണിനടിയിലായിപ്പോയവരുടെ വേദന തനിക്ക് മനസ്സിലാകും. സർക്കാർ അവർക്കൊപ്പമുണ്ടെന്നും എല്ലാ സഹായവും കേന്ദ്രസർക്കാർ ചെയ്യുമെന്നും മോദി പറഞ്ഞു.
“ഞാനും ഒരു ദുരന്തത്തെ അടുത്തുനിന്ന് കാണുകയും അനുഭവിക്കകയും ചെയ്തിട്ടുണ്ട്. 45- 47 വര്‍ഷം മുമ്പ് ഗുജറാത്തിലെ മോര്‍ബിയില്‍ ഒരു അണക്കെട്ട് ഉണ്ടായിരുന്നു. കനത്തമഴയില്‍ ഡാം പൂര്‍ണ്ണമായും നശിച്ചു. ഇതേത്തുടര്‍ന്ന് മോര്‍ബി നഗരത്തില്‍ വെള്ളം കയറി. നഗരമാകെ 10- 12 അടി ഉയരത്തില്‍ വെള്ളം കയറി, 2,500-ഓളം ജനങ്ങള്‍ മരിച്ചു”, മോദി ഓര്‍ത്തു.
അവിടെ ആറുമാസത്തോളം സന്നദ്ധപ്രവര്‍ത്തകനായി താന്‍ പ്രവര്‍ത്തിച്ചെന്നും അതുകൊണ്ട് തനിക്കീ സാഹചര്യങ്ങള്‍ നന്നായി മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന് എല്ലാ സഹായവും ചെയ്യുമെന്നാണ് സർവ്വകക്ഷി യോഗത്തിന് ശേഷം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമാണെന്നും സഹായം എത്രയും വേഗം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം നൽകുന്നത്. കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മോദി ഉറപ്പ് നൽകി. വയനാട് ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് മോദിയുടെ പ്രഖ്യാപനം.