സ്വർഗ്ഗതുല്യമായ കൈലാസത്തെ കേൾക്കാത്തവരും അറിയാത്തവരും ഉണ്ടാകില്ല. കേരളത്തിലും ഒരു കൈലാസമുണ്ട്, ഇടുക്കി ജില്ലയിൽ! കുട്ടിക്കാനത്തുനിന്ന് 15 കിലോമീറ്റർമാറി സമുദ്രനിരപ്പിൽനിന്ന് 4,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ഉമാമഹേശ്വര ക്ഷേത്രം. ഓഫ്റോഡ് റൈഡും ട്രെക്കിങ്ങും ഒക്കെ കഴിഞ്ഞു മുകളിലെത്തിയാൽ ശരിക്കും കൈലാസത്തിലാണോ എന്നു തോന്നിപ്പോകും. മേഘങ്ങൾക്കു മുകളിൽ നിൽക്കുന്ന ഒരു ഫീൽ. ഏലപ്പാറയും കുമളിയും പാമ്പനാറും ഇടുക്കി ഡാമും ഉൾപ്പെടുന്ന വിദൂര കാഴ്ച. അൽപനേരം ശാന്തമായി ഇരിക്കാൻ പറ്റിയ ഇടം. ഇവിടുത്തെ സൂര്യോദയം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും.
ഉമാമഹേശ്വരന്മാർ സകുടുംബം സകല ഐശ്വര്യങ്ങളും ചൊരിഞ്ഞു നൽകുന്ന പുണ്യ സ്ഥലമാണിതെന്നാണ് വിശ്വാസം. ശിവൻ പാർവതീ സമേതനായിരിക്കുന്ന ക്ഷേത്രമായതിനാൽ വിശ്വാസികളും ഇവിടേക്ക് എത്തുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചയാണിതെന്നാണ് യാത്ര പോയവർ ഒരേ സ്വരത്തിൽ പറയുന്നത്. പുരാതന ക്ഷേത്രം ആയിരുന്നിട്ടുകൂടി അതിൻറെ കെട്ടുമട്ടും ഒന്നും ഈ ക്ഷേത്രത്തിനില്ല. ആരാധിക്കാൻ വിഗ്രഹങ്ങളും രൂപങ്ങളും ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കില്ല. ശിവന്റെയും പാർവതിയുടെയും ഒരു ചിത്രം കാണാം.
ആളുകൾക്ക് പ്രാർത്ഥിക്കാൻ ഏക ഉപാധി ഈ ചിത്രമാണ്. ക്ഷേത്രം ആണെങ്കിൽ പോലും മറ്റു ക്ഷേത്രങ്ങളെപ്പോലെ ഇവിടെ പൂജകളും വഴിപാടുകളോ നടത്തുന്നില്ല. കുട്ടിക്കാനത്ത് നിന്നും കുമളിയിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ച് പഴയ പാമ്പനാറിൽ എത്തി അവിടെ നിന്നും കൊടുവയിലേക്ക് തിരിഞ്ഞാണ് ഉമാമഹേശ്വര ക്ഷേത്രത്തിൽ ഏത്തേണ്ടത്. യാത്രാമധ്യേ തേയില തോട്ടങ്ങളും മരങ്ങളും കാണാം. തമിഴ്നാട്ടിലൂടെ പോകുന്ന ഫീലാണ് ഈ യാത്ര നൽകുന്നത് . തേയിലത്തോട്ടത്തിന് നടുവിലൂടെയുള്ള യാത്ര അതിമനോഹരമാണ്.
STORY HIGHLLIGHTS : kailasagiri-bike-ride-vagamon-elappara