പാരിസ്: ഒളിംപിക്‌സ് ഫൈനല്‍ മത്സരത്തില്‍ അയോഗ്യയാക്കിയ നടപടിയ്‌ക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച അപ്പീലില്‍ ഇന്ന് വിധിയില്ല. രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി അപ്പീലില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.
ആര്‍ബിട്രേറ്റര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുകയാണ് കോടതി ചെയ്തത്. തനിക്ക് വെള്ളി മെഡലെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിനേഷ് അപ്പീല്‍ സമര്‍പ്പിച്ചത്. ശരീരഭാരത്തിലെ 100 ഗ്രാം കൂടുതല്‍ ചൂണ്ടിക്കാട്ടിയാണ് വിനേഷിനെ ഫൈനലിന് മുന്‍പ് അയോഗ്യയാക്കിയത്.
വിനേഷ് ഫോഗട്ടിന്റെ വാദം ഇന്നലെ പൂർത്തിയായിരുന്നു. ഒളിംപിക്സ് മത്സരങ്ങൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ വിധി ഉണ്ടാകുമെന്നും അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമാവും വിധിയെന്നും അന്താരാഷ്ട്ര ഒളിംപിക് ഫെഡറേഷൻ പ്രസിഡന്റ് തോമസ് ബാക് ഇന്നലെ പ്രതികരിച്ചിരുന്നു.
ഫൈനലിന് ഇറങ്ങേണ്ട ദിവസം രാവിലെ നടത്തിയ ഭാരപരിശോധനയിൽ 100 ഗ്രാം കൂടിപ്പോയെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതർ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഇതിനെതിരെയാണ് താരം അപ്പീൽ നൽകിയത്. ഗുസ്തി മത്സരങ്ങൾ നടക്കുന്ന വേദിയിൽനിന്ന് താരങ്ങൾ താമസിക്കുന്ന ഒളിമ്പിക് വില്ലേജിലേക്കുള്ള ദൂരം ഉൾപ്പെടെയുള്ള വിഷയങ്ങൾ വിനേഷ് ഫോഗട്ടിനായി ഹാജരായ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ കോടതിക്കു മുന്നിൽ നിരത്തി.മത്സരങ്ങൾക്കിടയിലുള്ള തീരെ ചെറിയ ഇടവേളകളും ഭാരപരിശോധനയിൽ പരാജയപ്പെടാനുള്ള കാരണമായി എടുത്തുകാട്ടി.
ഹൃദയഭേദകമായ ഈ വാര്‍ത്തയ്ക്ക് പിന്നാലെ തന്റെ ഗുസ്തി കരിയര്‍ വിനേഷ് അവസാനിപ്പിച്ചു. പിന്നാലെയാണ് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയെ താരം സമീപിച്ചത്. തനിക്ക് ഒളിംപിക് വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്നും അത് നല്‍കണമെന്നുമാണ് താരത്തിന്റെ ആവശ്യം. ഹരീഷ് സാല്‍വെയായിരുന്നു വിനേഷിനായി വാദിക്കാനെത്തിയിരുന്നത്.