Kerala

വയനാട് ദുരന്തം: ആകെ മരണം 427 ആയി; ഇനിയും കണ്ടെത്താനുള്ളത് 130 പേരെ

വയനാട് ദുരന്തത്തിൽ മരിച്ച നാലുപേരുടെ മൃതദേഹങ്ങൾകൂടി ശനിയാഴ്ച ലഭിച്ചതായി മന്ത്രി കെ. രാജൻ

കല്പറ്റ: വയനാട് ദുരന്തത്തിൽ മരിച്ച നാലുപേരുടെ മൃതദേഹങ്ങൾകൂടി ശനിയാഴ്ച ലഭിച്ചതായി മന്ത്രി കെ. രാജൻ. ഇതോടെ ദുരന്തത്തിൽ 427 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇനിയും 130 പേരെ കണ്ടെത്താനുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസം എത്രയും പെട്ടെന്ന് സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ, 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ഉൾപ്പെടെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് മൂന്ന് മൃതദേഹങ്ങളും ഒരു മൃതദേഹഭാഗവുമടക്കം നാല് മൃതദേഹങ്ങളാണ് ലഭിച്ചത്. ഇന്ന് ലഭിച്ച നാല് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. 130 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കാണാതായ 119 പേരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. 11 പേരുടേത് ഇനി കിട്ടാനുണ്ട്, മന്ത്രി പറഞ്ഞു.

ചൂരൽമലയിലെ ദുരന്തവുമായി ബന്ധപ്പെട്ട് 14 ക്യാമ്പുകളിലായി 599 കുടുംബങ്ങളിലെ 1784 പേരാണ് ഉള്ളത്. ഇതിൽ രണ്ട് ഗർഭിണികളായ സ്ത്രീകളും 437 കുട്ടികളും ഉൾപ്പെടും. ക്യാമ്പുകളിൽ താമസിക്കുന്നവരുടെ താത്കാലിക പുനരധിവാസത്തിനായി എൽ.എസ്.ജിയുടെ 41 കെട്ടിടങ്ങളും പി.ഡബ്ല്യൂ.ഡിയുടെ 24 കെട്ടിടങ്ങളും ഉൾപ്പെടെ 65 കെട്ടിടങ്ങൾ തയ്യാറായിട്ടുണ്ട്. 34 കെട്ടിടങ്ങൾ അറ്റകുറ്റപണികൾക്ക് ശേഷം ഉപയോഗിക്കാമെന്നും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.