കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം ജയം. നിർണായക മത്സരത്തിൽ സി.ഐ.എസ്.എഫ് പ്രൊട്ടക്‌ടേഴ്‌സിനെ എതിരില്ലാത്ത ഏഴ് ഗോളിനാണ് തകർത്തത്. സ്‌ട്രൈക്കർ നോഹ് നദൗയി ഹാട്രിക്കുമായി തിളങ്ങി. വിജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനും ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു.
എതിര്‍ ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ട ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതിയിലാണ് ആറ് ഗോളുകളും നേടിയത്. ക്വാമെ പെപ്ര, മലയാളി താരം മുഹമ്മദ് ഐമന്‍, നവോച സിങ്, മലയാളി താരം മുഹമ്മദ് അസര്‍ എന്നിവരും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വല കുലുക്കി.
കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വേട്ട ആരംഭിച്ചു. നോഹ ചിപ് ചെയ്ത് നല്‍കിയ പന്ത് മികച്ച ഹെഡറിലൂടെ വലയിലെത്തിച്ച ക്വാമെ പെപ്രയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യഗോള്‍ നേടിയത്. മൂന്ന് മിനിറ്റിനകം ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോളും നേടി. ഗോള്‍മുഖത്തേക്ക് ഓടിയെത്തിയ നോഹ മുഹമ്മദ് ഐമന്‍ നല്‍കിയ ലോങ് പാസ് പിടിച്ചെടുത്ത് അനായാസം ഗോള്‍ നേടി.
16-ാം മിനിറ്റിൽ പെപ്രെയുടെ പാസിൽ ഐമൻ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾ നേടി. നാല് മിനിറ്റിനകം നോഹ രണ്ടാം ഗോൾ നേടി. എതിർബോക്‌സിലേക്ക് ലഭിച്ച സ്‌പേസിലൂടെ കുതിച്ച് മൊറോക്കൻ താരം പോസ്റ്റിന്റെ കോർണറിലേക്ക് അടിച്ച് കയറ്റുകയായിരുന്നു. 25-ാം മിനിറ്റിൽ നവോച സിങിന്റെ അവസരമായിരുന്നു. ലെഫ്റ്റ് വിങിലൂടെ മുന്നേറിയ താരം പോസ്റ്റിലേക്ക് കട്ട്‌ചെയ്ത് കയറി ലക്ഷ്യംകണ്ടു. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ മലയാളി താരം മുഹമ്മദ് അസ്ഹറും ഗോൾ ആഘോഷത്തിന്റെ ഭാഗമായി.