ലണ്ടന്‍: 2024 കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടത്തില്‍ മുത്തമിട്ട് മാഞ്ചെസ്റ്റര്‍ സിറ്റി. ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് സിറ്റി ജേതാക്കളായത്. സഡന്‍ഡത്തിലേക്ക് നീണ്ട ഷൂട്ടൗട്ടില്‍ 7-6നാണ് സിറ്റി വിജയിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.
അലചാൻഡ്രോ ഗർണാചോ (82) യുണൈറ്റഡിനായും ബെർണാഡോ സിൽവ (89) സിറ്റിക്കായും വലകുലുക്കി. പെപ് ഗ്വാർഡിയോള യുഗത്തിൽ സിറ്റിയുടെ 18-ാം കിരീടമാണിത്. സിറ്റിയടെ ബ്രസീലിയൻ ഗോൾകീപ്പർ എഡേർസൺ മാഞ്ചസ്റ്റർ ഡർബി മാച്ചിലെ ഹീറോയായി.
യുണൈറ്റഡിനായി ബ്രൂണോ ആദ്യ കിക്ക് ഗോളാക്കി മാറ്റി. പിന്നാലെ സിറ്റിക്കായി ആദ്യ കിക്കെടുത്ത സില്‍വയ്ക്ക് പിഴച്ചു. യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഒനാന തട്ടിയകറ്റുകയായിരുന്നു. മറുഭാഗത്ത് ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ സിറ്റി നിരയിൽ കെവിൻ ഡിബ്രുയിനെയും എർലിങ് ഹാളണ്ടും അനായാസം കിക്ക് വലയിലാക്കി. ഡീഗോ ഡലോട്ട്, ഗർണാചോ എന്നിവർ മറുഭാഗത്തും ലക്ഷ്യംകണ്ടു. സിറ്റിക്കായി ആദ്യമായി കളത്തിലിറങ്ങിയ സാവീഞ്ഞ്യോയും ഗോൾനേടി.
എന്നാൽ മറുഭാഗത്ത് ജോഡൻ സാഞ്ചോയുടെ ഷോട്ട് എഡേർണർ തട്ടിയകറ്റുകയും പോസ്റ്റിൽ തട്ടി പുറത്തുപോകുകയും ചെയ്തു. ഇതോടെ മത്സരം വീണ്ടും തുല്യമായി. സിറ്റി നിരയിൽ എഡേർസൺ, മാത്യുയൂസ് ന്യൂനസ്, റൂബൻ ഡയസ്, മാനുവൽ അക്കാൻജി എന്നിവരും ആന്ദ്രെ ഒനാനെയെ കബളിപ്പിച്ചു. മറുഭാഗത്ത് കസമിറോയും സ്‌കോട്ട് മാക് ടോമിനിയും സിസാൻഡ്രോ മാർട്ടിനസും ഗോൾനേടിയെങ്കിലും ജോണി ഇവാൻസിന്റെ ഷോട്ട് പോസ്റ്റിന് ഏറെ ദൂരെ പുറത്തേക്ക് പോയി. ഇതോടെ സിറ്റിയ്ക്ക് വീണ്ടുമൊരു കിരീടം.