ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപഴ്സന്‍ മാധവി പുരി ബുച്ചിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട്. അദാനി ഗ്രൂപ്പിന്റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി മാധവി ബുച്ചിനും ഭർത്താവിനും ബന്ധമുണ്ടെന്നാണ് ഹിൻഡൻബർഗ് ആരോപണം. അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ ഇവർക്ക് നിക്ഷേപമുണ്ടെന്നും യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിഡൻബർഗ് വെളിപ്പെടുത്തുന്നു. മാധവി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിഡൻബർഗ് പുറത്തുവിട്ട രേഖകളിൽ പറയുന്നത്.
2023 ജനുവരിയിലാണ് അദാനി എൻ്റർപ്രൈസസിനെതിരെ രൂക്ഷ വിമർശനവുമായി ഹിൻഡൻബർഗ് രംഗത്തെത്തിയത്. ഇതോടെ അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ വൻതോതിൽ മൂല്യത്തകർച്ച നേരിട്ടു. അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോർപ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്നായിരുന്നു ഹിൻഡെൻബർഗിന്റെ ആരോപണം. അദാനി എന്റർപ്രൈസസിന് എട്ടു വർഷത്തിനിടെ അഞ്ച് ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്നങ്ങളുടെ സൂചനയാണ്. വിപണിയിൽ വലിയ രീതിയിൽ കൃത്രിമം നടക്കുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മൗറീഷ്യസ്, യു.എ.ഇ., കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ഷെൽ കമ്പനികൾ വഴിയാണ് വിപണിയിൽ കൃത്രിമം നടത്തുന്നതെന്നായിരുന്നു ആരോപണം. 129 പേജുള്ള റിപ്പോർട്ട് തങ്ങളുടെ രണ്ടു വർഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയതാണെന്നും ഹിൻഡെൻബർഗ് അവകാശപ്പെട്ടു.
ഇന്ത്യയെ കുറിച്ചുള്ള വമ്പൻ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് യു.എസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തല്‍.