Kerala

അമീബിക് മസ്തിഷ്കജ്വരം: ആരോഗ്യ വകുപ്പ് വീണ്ടും സാംപിൾ ശേഖരിച്ചു | Amoebic encephalitis: The health department collected the sample again

നെയ്യാറ്റിൻകര (തിരുവനന്തപുരം): അമീബിക് മസ്തിഷ്കജ്വരത്തിന്റെ ഉറവിടമെന്നു കരുതുന്ന കണ്ണറവിള കാവിൻകുളത്തിൽ നിന്ന് ആരോഗ്യ വകുപ്പ് ഇന്നലെ വീണ്ടും സാംപിൾ ശേഖരിച്ചു. രോഗം ബാധിച്ച് മെഡിക്കൽ കോളജിൽ കഴിയുന്നവരുടെ ബന്ധുക്കളും കുളത്തിൽ നിന്നു സാംപിൾ എടുത്തു നൽകാൻ രംഗത്തിറങ്ങി. അസുഖം ബാധിച്ച അഖിൽ മരിച്ചതിന്റെ അടുത്തദിവസമായ ജൂലൈ 24ന് ആരോഗ്യ വകുപ്പ് സാംപിൾ ശേഖരിച്ചു പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിച്ചെങ്കിലും അമീബയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. തെളിഞ്ഞ വെള്ളമാണു അന്നു കാവിൻകുളത്തിൽ നിന്നു ശേഖരിച്ചതും പരിശോധനയ്ക്ക് അയച്ചതും.

കലങ്ങിയ വെള്ളത്തിലും ചെളിയിലും ആണ് അമീബ കാണപ്പെടുന്നത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സാംപിൾ ശേഖരിക്കാൻ തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സംഘം സാംപിൾ ശേഖരിക്കാൻ എത്തി. 35 സെന്റ് വിസ്തൃതിയുള്ള കാവിൻകുളത്തിന്റെ നാലു ഭാഗത്തു നിന്നും സാംപിൾ ശേഖരിച്ചു.