യുദ്ധായുധങ്ങൾ സൗദി അറേബ്യക്ക് വിൽക്കുന്നതിൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
യമൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മർദ്ദത്തിനായി ഏർപ്പെടുത്തിയ മൂന്ന് വർഷം പഴക്കമുള്ള നയം തിരുത്തിയെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വെള്ളിയാഴ്ച വെളിപ്പെടുത്തിയത്. സൗദി അറേബ്യയിലേക്കുള്ള എയർ-ടു-ഗ്രൗണ്ട് യുദ്ധോപകരണങ്ങളുടെ കൈമാറ്റം സംബന്ധിച്ച ഉപരോധം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പിൻവലിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
നിരോധനം നീക്കാനുള്ള തീരുമാനത്തെക്കുറിച്ച് യു.എസ് ഭരണകൂടം നിയമനിർമാതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അടുത്ത ആഴ്ച വിൽപ്പന പുനരാരംഭിക്കാമെന്നും ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചു.