Health minister Veena George addresses media in Thiruvananthapuram. Photo: Screengrab/ Manorama News
ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്‍പറ്റ ജനറല്‍ ആശുപത്രി ഡിഇഐസി ഹാളില്‍ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാമ്പുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം നിരീക്ഷിക്കണം. എച്ച്1എന്‍1, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത വേണം. ലക്ഷണം കണ്ടാലുടന്‍ ചികിത്സ ആരംഭിക്കണം. ജലദോഷമില്ലാത്ത പനി ശ്രദ്ധയില്‍പ്പെട്ടാല്‍ എലിപ്പനിക്ക് ചികിത്സ തേടണം. അടുത്ത രണ്ടാഴ്ചയില്‍ എലിപ്പനി വ്യാപനത്തിനെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കണം.
ക്യാമ്പുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം. ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ കഴിഞ്ഞ ആറ് ദിവസമായി കോളുകള്‍ വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം ടെലിമാനസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളും ജില്ലാ വനിതാ – ശിശുസംരക്ഷണ ഓഫീസും ശേഖരിച്ച മാനസികാരോഗ്യ പിന്തുണ നല്‍കുന്നതിനാവശ്യമായ വിവരങ്ങള്‍ ക്രോഡീകരിക്കും. ചികിത്സ ആവശ്യമായി വരുന്നവരുടെ കൂടി താത്പര്യം പരിഗണിച്ച് ചികിത്സാരീതി തീരുമാനിക്കും.