ലോകത്തിലെ വലിയ സാങ്കേതികവിദ്യ പ്രദർശനമായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷന്റെ(ജൈടെക്സ്) ഈ വർഷത്തെ എഡിഷൻ ഒക്ടോബർ14 മുതൽ 18 വരെ അരങ്ങേറും. ദുബൈ വേൾഡ് ട്രേഡ് സെന്ററിലും ദുബൈ ഹാർബറിലുമായാണ് പ്രദർശനത്തിന് വേദിയൊരുങ്ങുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് സന്ദർശകരെത്തുന്ന മേളയുടെ 44ാം എഡിഷനാണ് ഇത്തവണ അഞ്ചു ദിവസങ്ങളിലായി അരങ്ങേറുന്നത്.
6000 ത്തിലധികം പ്രദർശകരും 180ലേറെ രാജ്യങ്ങളിൽനിന്നായി 1,800 പ്രഭാഷകരും സാങ്കേതികവിദ്യ രംഗത്തെ പ്രമുഖരും മേളയിൽ പങ്കെടുക്കുമെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഗതാഗതം, സുസ്ഥിര സാങ്കേതികവിദ്യ എന്നീ മേഖലകളിലെ നൂതന സ്റ്റാർട്ടപ്പുകളും മേളക്കെത്തും. കഴിഞ്ഞ വർഷങ്ങളിലേതിന് സമാനമായി കേരളത്തിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമടക്കം സ്ഥാപനങ്ങൾ നവീന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിന് മേളക്കെത്തുമെന്നാണ് പ്രതീക്ഷ.
ലോകത്തെ ഏറ്റവും നൂതന എ.ഐ സംവിധാനങ്ങൾ പരിചയപ്പെടുത്തുന്ന രീതിയിലാണ് കഴിഞ്ഞ തവണ മേള സജ്ജീകരിച്ചിരുന്നത്. ദുബൈയിലെ വിവിധ സർക്കാർ വകുപ്പുകൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സാങ്കേതിക വിദഗ്ധർ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയും ഇത്തവണത്തെ മേളയിൽ അണിനിരക്കും. പുതുതായി ഉയർന്നുവരുന്ന വിവിധ വിഷയങ്ങളിൽ ലോകത്തെ സാങ്കേതികവിദ്യ വിദഗ്ധരുടെ സംവാദങ്ങളും പ്രഭാഷണങ്ങളും മേളയിൽ അരങ്ങേറും.