അബൂദബി സന്ദർശിക്കുന്നവർക്കിടയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നു. വിവിധ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചുള്ള കാര്യക്ഷമമായ സംവിധാനങ്ങൾ ഒരുക്കിയതാണ് യാത്രക്കാർ സ്വകാര്യ വാഹനങ്ങളെക്കാൾ പൊതുഗതാഗത്തിലേക്ക് തിരിയാൻ കാരണം. ബസ് സർവിസ് തന്നെയാണ് ഇതിൽ പ്രധാനം. നഗര, പ്രാന്ത പ്രദേശങ്ങളിലേക്കുള്ള ബസ് സർവിസിന് ഏകീകരിച്ച ടിക്കറ്റ് നിരക്ക് നിലവിൽ വന്നതോടെ ദിനവും ആയിരക്കണക്കിന് പേരാണ് ബസ്സുകളെ ആശ്രയിക്കുന്നത്.
രണ്ടു ദിര്‍ഹമാണ് സര്‍വീസിലെ അടിസ്ഥാന നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും അഞ്ച് ഫില്‍സ് വീതം ഈടാക്കും. ആദ്യം നല്കുന്ന രണ്ട് ദിര്‍ഹം ബോര്‍ഡിങ് ഫീസ് ഉപയോഗിച്ച് വിവിധ സാഹചര്യങ്ങളില്‍ സര്‍വീസുകളില്‍ മാറി കയറാനുമാവും. അടുത്ത ബസ്സില്‍ കയറുമ്പോള്‍ അവസാന യാത്ര കഴിഞ്ഞ് 60 മിനിറ്റില്‍ കവിയാന്‍ പാടില്ല. ചെയ്തോണ്ടിരുന്ന യാത്രയുടെ എതിര്‍ദിശയിലുള്ള ബസ്സില്‍ കയറാനുമാവില്ല, ആദ്യം യാത്ര ചെയ്ത ബസ് കഴിഞ്ഞ് പരമാവധി രണ്ടുബസ്സുകളിലേ മാറികയറാനാവൂ, അബൂദബി ലിങ്ക് സര്‍വീസിലും പൊതു ഗതാഗത ബസ് അടിസ്ഥാന സര്‍വീസുകളിലും മാത്രമേ മാറിക്കയറാന്‍ പാടുള്ളൂ എന്നിവയാണ് ബസ്സുകള്‍ മാറി യാത്രചെയ്യാന്‍ അനുവദിക്കുന്ന സാഹചര്യങ്ങള്‍. കയറിയ പോയിന്റില്‍ നിന്ന് ഇറങ്ങിയ പോയിന്റുവരെ ചെയ്ത ചെയ്ത ദൂര അടിസ്ഥാനമാക്കിയാണ് യാത്രാനിരക്ക് കണക്കാക്കുന്നത്. യാത്ര ആരംഭിക്കുമ്പോഴും ഇറങ്ങുമ്പോഴും റീഡറില്‍ ഹഫിലാത്ത് കാര്‍ഡ് ടാപ്പ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. ഒറ്റയാത്രയാണെന്ന് തിരിച്ചറിയുന്നതിനാണിത്.