തൊട്ടടുത്ത പാർക്കുകളിലാണ് മുമ്പ് അവധി ആഘോഷിച്ചിരുന്നതെങ്കിൽ ഇന്ന് ആളുകൾ രാജ്യം വിട്ടുള്ള യാത്രകളാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്. ഒരു അവധി കിട്ടിയാൽ മലേഷ്യയിലേക്കോ വിയറ്റ്നാമിലേക്കോ യൂറോപ്പിലേക്കോ വിട്ടാലോ എന്നാണ് ആളുകൾ ചിന്തിക്കുന്നത്. എന്നാൽ ചെലവ് വലിയൊരു പ്രശനം തന്നെയാണ്. അതുകൊണ്ട് ഇന്ത്യയില്‍ നിന്ന് ഏറ്റവും ചെലവ് കുറഞ്ഞു എളുപ്പത്തിലും പോയിവരാന്‍ സാധിക്കുന്ന അഞ്ച് അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടാം.
ഏഷ്യന്‍ വംശജരുടെ സംഗമ ഭൂമി
മലേഷ്യ ‘ട്രൂലി ഏഷ്യ’ എന്നാണ് അറിയപ്പെടുന്നത്. ഏഷ്യന്‍ വംശജരുടെ സംഗമ ഭൂമിയാണ് അവിടം. കുറച്ചു ദിവസങ്ങളും കാശും കയ്യിലുണ്ടെങ്കില്‍ ചുറ്റിക്കറങ്ങാന്‍ ഒരുപാട് ഇടങ്ങളുള്ള മലേഷ്യയില്‍ അത്യാവശ്യം കാണേണ്ട സ്ഥലം ക്വാലാലംപുര്‍ ആണ്. ഈ തലസ്ഥാന നഗരിയില്‍ ക്വലാലംപുര്‍ ടവര്‍, ട്വിന്‍ ടവര്‍ എന്ന പെട്രോണസ് ടവര്‍, അക്വേറിയം, മാളുകള്‍ തുടങ്ങിയവയൊക്കെ കാത്തിരിക്കുന്നു. ബാത്തു കേവ് എന്ന മുരുകക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. കൂറ്റന്‍ മുരുക പ്രതിമയും ഗുഹാക്ഷേത്രവും ഇന്ത്യന്‍ സാന്നിധ്യവും. പിന്നെ ഗെന്തിങ് ഹോട്ടലും കേബിള്‍കാറും. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ സമുച്ചയം കൊടുംകാടിനു നടുവിലാണ്. കാടിനു മുകളിലെ കേബിള്‍കാര്‍ യാത്രയും ആ ഹോട്ടലിന്റെ അന്തരീക്ഷവും ഒരിക്കലെങ്കിലും അറിയേണ്ടതാണ്. മലേഷ്യയിലെ വടക്കന്‍ സംസ്ഥാനമായ ‘പെനാങ്’ ലോകത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ന്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന മനോഹരമായ ഈ ദ്വീപ് നഗരം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇത്രയും കാഴ്ചകള്‍ കണ്ട് തിരിച്ചുവരുന്ന രീതിയിലാണെങ്കില്‍ ഈ കുറഞ്ഞ ബഡ്ജറ്റില്‍ കാര്യങ്ങള്‍ നടക്കും. ഹോട്ടലുകളും ഇന്ത്യന്‍രുചികളും വേണ്ടവര്‍ക്ക് അങ്ങിനെ. പിന്നെ ചൈനീസ് രുചികളും മലേഷ്യന്‍ തനതുരുചികളും ആസ്വദിക്കാം.
വിസ്മയക്കാഴ്ചകളുടെ തായ്‌ലന്‍ഡ്
തായ്‌ലന്‍ഡ് എന്നാല്‍ മലയാളികള്‍ക്ക് ഒരു കാലത്ത് സെക്‌സ് ടൂറിസത്തിന്റെ നാടായിരുന്നു. എന്നാല്‍ ഇന്ന് അതല്ല. മലയാളികള്‍ കുടുംബത്തോടൊപ്പം യാത്ര പോകുന്ന ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. ബീച്ചുകളും നൈറ്റ്‌ലൈഫും പാര്‍ട്ടിയും പ്രകൃതി ഭംഗിയും ഭക്ഷണ വൈവിധ്യങ്ങളും എല്ലാം സമ്മേളിക്കുന്ന തായ്‌ലന്‍ഡ് സാധാരണക്കാരുടെയും സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട ഡസ്റ്റിനേഷനാണ്. പട്ടായയും ഫുക്കറ്റും ചിയാങ് മായും കോ സമൂയിയും അവിടുത്തെ ബീച്ച് ലൈഫും പാര്‍ട്ടികളുമെല്ലാം സഞ്ചാരികളെ മോഹിപ്പിക്കുന്നതാണ്. ടൂറിസം പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ഈ രാജ്യം പല രാജ്യങ്ങള്‍ക്കും വിസ ഇളവുകള്‍ നല്‍കുന്നുണ്ട്. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസ ഓണ്‍അറൈവലായിട്ടായിരുന്നു തായ്‌ലന്‍ഡില്‍ പ്രവേശനം നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിസ രഹിത പ്രവേശനവും അനുവദിക്കുന്നുണ്ട്. ഇന്ത്യക്കാരായ സഞ്ചാരികള്‍ നിര്‍ണായകമായതിനാല്‍ തായ്‌ലന്‍ഡ് വിസ രഹിത പ്രവേശനം നീട്ടുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്.
ഏഷ്യയിലെ യൂറോപ്പ്
കുറഞ്ഞകാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നായി മാറിയ നാടാണ് അസര്‍ബൈജാന്‍. യൂറോപ്പിലെ അതേ യാത്രാനുഭവം നല്‍കുന്ന രാജ്യമാണ് മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അസര്‍ബയ്ജാന്‍. കാണാന്‍ സുന്ദരം, വിസ കിട്ടാന്‍ എളുപ്പം, യാത്രച്ചെലവ് കുറവ്-അസര്‍ബയ്ജാന്‍ പ്രിയപ്പെട്ടതാകാന്‍ ഇതൊക്കെയാണ് കാരണങ്ങള്‍. മലയാളികളെ ഇവിടെ എത്തിക്കാന്‍ സംസ്ഥാനത്തെ ടൂര്‍ഓപ്പറേറ്റര്‍മാര്‍ തിരക്കിലാണ്. അപേക്ഷിച്ചാല്‍ കാലതാമസമില്ലാതെ വിസകിട്ടുമെന്നതാണ് അസര്‍ബയ്ജാന്റെ പ്രത്യേകത. ഏപ്രില്‍മുതല്‍ ഒക്ടോബര്‍ പകുതിവരെ നല്ല തിരക്കാണിവിടെ. നവംബറിലെ മഞ്ഞുകാണാനും സഞ്ചാരികളുണ്ടാകും. ചെറിയസംഘങ്ങളായി എല്ലാ ദിവസവും കേരളത്തില്‍നിന്ന് ഇവിടേക്ക് യാത്രക്കാരുണ്ടാകും. അസര്‍ബയ്ജാന്റെ തലസ്ഥാനനഗരമായ ബാകു ആണ് ഏറ്റവും മനോഹരം. കാസ്പിയന്‍കടലിന് അടുത്താണ് ഈ നഗരം. വീതിയുള്ള റോഡുകളും മനോഹരങ്ങളായ കെട്ടിടങ്ങളും ലണ്ടന്‍ ടാക്‌സിയും കേബിള്‍ കാറുമൊക്കെ യാത്രക്കാര്‍ക്കിഷ്ടപ്പെടും. പൊതുവെ കുറഞ്ഞ ചെലവാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകം.
കേരളവും തമിഴ്‌നാടും ചേര്‍ന്ന രാജ്യം
കേരളത്തില്‍ നിന്ന് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുന്ന വിദേശരാജ്യമാണ് ശ്രീലങ്ക. ഏകദേശം കേരള/തമിഴ്നാട് മിശ്ര സംസ്കാരമുള്ള, ഭക്ഷണവൈവിധ്യങ്ങളും ആതിഥ്യമര്യാദയും വേണ്ടുവോളമുള്ളൊരു കുഞ്ഞ് രാജ്യം. സാംസ്‌കാരിക ഇടങ്ങളും വന്യജീവിതങ്ങളും മൂന്നാര്‍ പോലെ കാന്‍ഡി മലകളുമൊക്കെയടങ്ങുന്ന വ്യത്യസ്ത പാക്കേജുകള്‍ തിരഞ്ഞെടുക്കാം. ഇന്ത്യയിലെ ധനുഷ്‌കോടിയില്‍നിന്നും ഏതാണ്ട് 30 കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള നമ്മുടെ ഈ അയല്‍രാജ്യത്തേക്ക് കടല്‍ മാര്‍ഗം പോകുന്നതിന് നിലവില്‍ മാര്‍ഗങ്ങളൊന്നുമില്ല. വിമാനയാത്ര മാത്രമാണ് ആശ്രയം. കുറച്ചൊന്ന് അന്വേഷിച്ചാല്‍ കുറഞ്ഞ റേറ്റിലുള്ള ഫ്ളൈറ്റ് ടിക്കറ്റുകള്‍ ലഭ്യമാകും. ഇന്ത്യക്കാര്‍ക്ക് നിലവില്‍ വിസ ഇളവുകളുണ്ട്. മെട്രായൊന്നും ഇല്ലാത്ത രാജ്യമായതിനാല്‍ ട്രെയിനും ബസുമാണ് പ്രധാന പൊതുഗതാഗത സംവിധാനങ്ങള്‍. ചെറിയ രാജ്യമായതിനാല്‍ തന്നെ വെറും ഒരാഴ്ചത്തെ സമയംകൊണ്ട് പ്രധാന കാഴ്ചകളെല്ലാം കാണാനാകും എന്നതാണ് മറ്റൊരു ഗുണം. ചെലവ് കുറഞ്ഞ യാത്രയായതിനാല്‍ ബാക്ക്പാക്കര്‍മാര്‍ക്കും പ്രിയപ്പെട്ട ഇടമാണ് ലങ്ക. ജാഫ്ന, യാല നാഷണല്‍ പാര്‍ക്ക്, സിഗിരിയ, നുവാര ഏലിയ, ഉദവാലവെ നാഷണല്‍ പാര്‍ക്ക്, രാവണ വെള്ളച്ചാട്ടം, ദംബുള്ള ഗുഹാക്ഷേത്രം, അരുഗം ബേ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ലോകപ്രശസ്തമാണ്. അതിമനോഹരമായ ബീച്ചുകളാണ് മറ്റൊരു ആകര്‍ഷണത. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ശ്രീലങ്കയിലേക്ക് ഫ്ളൈറ്റ് സര്‍വീസുകളും ലഭ്യമാണ്.
ബാലി ദ്വീപ്
പടിഞ്ഞാറ് ജാവയ്ക്കും കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സര്‍ സുന്ദ ദ്വീപ സമൂഹങ്ങള്‍ക്ക് പടിഞ്ഞാറേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം. ഇന്‍ഡൊനീഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലിയുടെ തലസ്ഥാനം ദ്വീപിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ‘ഡെന്‍പസാര്‍’ ആണ്. ബാലിയെക്കൂടാതെ ചുറ്റിനുമുള്ള ചില ചെറിയ ദ്വീപുകളും ഈ പ്രവിശ്യയില്‍ ഉള്‍പ്പെടുന്നു. ഇന്‍ഡൊനീഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമത വിശ്വാസികളില്‍ ഏറിയ പങ്കും ബാലിദ്വീപില്‍ വസിക്കുന്നു. കഫേകള്‍, ഗാലറികള്‍, യോഗ സ്റ്റുഡിയോകള്‍, ബോട്ടിക്കുകള്‍, മ്യൂസിയങ്ങള്‍, ആഡംബര റിസോര്‍ട്ടുകളും ഉള്‍പ്പടെ ഒരു പെര്‍ഫക്ട് ഡെസ്റ്റിനേഷനാണ് ബാലി. ദൈവങ്ങളുടെ ദ്വീപെന്നാണ് ബാലിയുടെ വിശേഷണങ്ങളിലൊന്ന്. പര്‍വതങ്ങളും ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ബാലി ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. തനിമയാര്‍ന്ന പുരാതന ക്ഷേത്രങ്ങളെല്ലാം ഇവിടെ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഉത്സവങ്ങളുടെ നാട് കൂടിയാണ് ബാലി. അതിമനോഹരമായ ബീച്ചുകളും വിനോദസഞ്ചാര സംസ്‌കാരവും ഭക്ഷണവുമെല്ലാമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍.
content highlight: international-destinations