മുൻനിര ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തുന്നതിനായി ദുബൈ ജി.ഡി.ആർ.എഫ്.എ ആരംഭിച്ച ‘ഫോർ ദ് വേൾഡ്’ പദ്ധതിയുടെ ഭാഗമായി, കൊറിയയിൽ നിന്നുള്ള അതിഥിയെ ദുബൈ എയർപോർട്ടിൽ സ്വാഗതം ചെയ്തു. കൊറിയൻ സംസ്കാരവും ആദിത്യ മര്യാദരീതികളും പരിചയപ്പെടുത്താൻ എത്തിയ ‘ഇള’ എന്ന യുവതിയെയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ ഉദ്യോഗസ്ഥർ എയർപോർട്ടിൽ ഊഷ്മളമായി സ്വീകരിച്ചത്. ദുബൈയിലുള്ള കര, നാവിക, വ്യോമ അതിർത്തികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വിവിധ രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും മനസിലാക്കി കൊടുക്കാനായി കഴിഞ്ഞ ദിവസമാണ് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനൽ ജനറൽ – മുഹമ്മദ് അഹ്മദ് അൽ മർറി ‘ഫോർ ദ് വേൾഡ്’ സംരംഭം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജപ്പാന്റെ സംസ്കാരിക രീതികൾ ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തിയിരുന്നു.
ഇന്നലെ പരമ്പരാഗത കൊറിയൻ വസ്ത്രം ധരിച്ച എത്തിയ അതിഥിയെ ജി.ഡി.ആർ.എഫ്.എ ജീവനക്കാർ ആവേശത്തോടെയും ഊഷ്മളതയോടെയും സ്വീകരിച്ചു. സ്മാർട്ട് ഗേറ്റ് ഏരിയ, പാസ്പോർട്ട് നിയന്ത്രണ ഭാഗങ്ങൾ, കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ തുടങ്ങിയ സ്ഥലങ്ങളിലും അവർ സന്ദർശനം നടത്തി. തുടർന്ന് അവർ കൊറിയൻ സംസ്കാരത്തെയും ആചാരങ്ങളെയും കുറിച്ച് ഉദ്യോഗസ്ഥരുമായി സംവദിച്ചു.
വിവിധ രാജ്യങ്ങൾ, ആചാരങ്ങൾ, സംസ്കാരങ്ങൾ, ജനജീവിതം എന്നിവ മനസ്സിലാക്കുന്നത് സഞ്ചാരികളോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. പരസ്പര ബഹുമാനവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സംരംഭം സഹായിക്കുമെന്നും സാംസ്കാരിക വൈവിധ്യത്തിന്റെയും തുറന്ന മനസ്സിന്റെയും ആഗോള മാതൃകയായി ദുബൈയിയെ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ലഫ്റ്റനന്റ് ജനറൽ വ്യക്തമാക്കി.