Travel

തിരക്കു പിടിച്ച നഗര ജീവിതത്തില്‍ നിന്ന് ഒരു ഇടവേള ആഗ്രഹിക്കുന്നില്ലേ ?: കൊച്ചിയിൽ നിന്നും പോകാൻ പറ്റുന്ന സ്ഥലങ്ങൾ ഇതാ | where-you-can-enjoy-with-your-family

കൊച്ചിയില്‍ നിന്ന് വാരാന്ത്യങ്ങളില്‍ പോയിവരാവുന്ന ദൂരമേയുള്ളൂ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങള്‍

കേരളത്തിൽ കൊച്ചിയുടെ പ്രാധാന്യം പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ.. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം കൊച്ചിയെ ചുറ്റിപ്പറ്റിയാണ് നിലനിൽക്കുന്നത്. കൊച്ചിയിൽ നിന്നും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകാൻ വളരെ എളുപ്പമാണ്. തിരക്കുപിടിച്ച നഗര ജീവിതത്തിൽ നിന്ന് ആരാണ് ഒരു ഇടവേള ആഗ്രഹിക്കാത്തത്? കൊച്ചിയിൽ നിന്ന് പോയി വരാവുന്ന സ്ഥലങ്ങളുടെ പട്ടിക എടുത്താൽ അതിൽ നിരവധി സ്ഥലങ്ങളുണ്ട്.. അവ ഏതൊക്കെയാണെന്ന് നോക്കാം..എല്ലാതരത്തിലുമുള്ള യാത്രക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ ഈ സ്ഥലങ്ങള്‍ക്കാകും.

അതിരപ്പള്ളി

തൃശൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തന്നെ മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ആതിരപ്പള്ളി വെള്ളച്ചാട്ടം. കൊച്ചിയില്‍ നിന്ന് പെട്ടെന്ന് പോയിവരാന്‍ കഴിയുന്ന സ്ഥലം കൂടിയാണിത്. തൃശൂര്‍ ടൗണില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അറുപത് കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം. പശ്ചിമഘട്ടത്തിലെ ആനമുടിയാണ് ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ആതിരപ്പള്ളി ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടമെന്നും അറിയപ്പെടുന്നു. വാഴച്ചാല്‍ വനത്തിന്റെ പച്ചപ്പിലൂടെ ഒഴുകിയിറങ്ങി അറബിക്കടലിലേക്ക് ഒഴുക്കുന്നു. ട്രെക്കിംഗ് നടത്താനും ജംഗിള്‍ സഫാരി നടത്താനുമൊക്കെ ആതിരപ്പള്ളി അവസരമൊരുക്കും. നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായിട്ടുള്ള സ്ഥലം കൂടിയാണ് ഈ വെള്ളച്ചാട്ടം. മലയാള സിനിമകള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ ചില സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

മാരാരിക്കുളം

കൊച്ചിയില്‍ നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പ്രധാനപ്പെട്ട ബീച്ചാണ് മാരാരിക്കുളം. കൊച്ചിയില്‍ നിന്ന് വേഗത്തില്‍ പോയിവരാകും. അധികം ടൂറിസ്റ്റുകള്‍ എത്തിച്ചേരാത്ത ഒരു സ്ഥലം കൂടിയാണിത്. എന്നാല്‍ മാരാരിക്കുളം ബീച്ചിലേക്ക് കൂടുതല്‍പേര്‍ ഇപ്പോള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പച്ചപ്പു നിറഞ്ഞ പരിസരവും സ്വര്‍ണനിറത്തിലുള്ള മണലും ബീച്ചിനെ വ്യത്യസ്തമാക്കുന്നു. കൊച്ചിയില്‍ നിന്ന് ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ മാരാരിക്കുളത്തെത്താം.

പത്തനംതിട്ട

കൊച്ചയില്‍ നിന്ന് 117 കിലോമീറ്ററാണ് പത്തനംതിട്ടിയിലേക്കുള്ള ദൂരം. നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ലയാണിത്. ശബരിമല അടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളും നിരവധി കാണാം. പത്തനംതിട്ടയിലെ പടയണിയാണ് മറ്റൊരു ശ്രദ്ധേയ സംഭവം. കടമനിട്ട ദേവി ക്ഷേത്രത്തിലാണ് പടയണി നടക്കുന്നത്. ആറന്‍മുള പാര്‍ത്ഥസാരതി ക്ഷേത്രം, മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി, കവിയൂര്‍ മഹാദേവ ക്ഷേത്രം തുടങ്ങിയവ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. പത്തനംതിട്ടയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കാണാന്‍ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. പമ്പ നദിയിലേക്കാണ് ഈ വെള്ളച്ചാട്ടം പതിക്കുന്നത്. പ്രകൃതിയുമായി അടുത്തിടപഴകാനാണ് ആഗ്രഹമെങ്കില്‍ ഗവിയിലേക്ക് പോകാം. ഓര്‍ഡിനറി എന്ന മലയാള സിനിമയിലൂടെയാണ് ഗവി പ്രശസ്തമായത്. കാടിനെ അടുത്തറിയാനുള്ള അവസരം കൂടിയാണ് ഗവിയിലേക്കുള്ള യാത്ര. കോന്നിയിലെ ആന സങ്കേതവും അവിടത്തെ കുട്ടവഞ്ചി സവാരിയും ലോകപ്രശസ്തമായി മാറിക്കഴിഞ്ഞു.

വാഗമണ്‍

കൊച്ചിയില്‍ നിന്ന് വാരാന്ത്യങ്ങളില്‍ പോയിവരാന്‍ കഴിയുന്ന മറ്റൊരു പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് വാഗമണ്‍. കൊച്ചിയില്‍ നിന്ന് 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാഗമണിലെത്താം. കോട്ടയം ഇടുക്കി അതിര്‍ത്തിപ്രദേശത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരത്തിലാണ് വാഗമണിന്റെ അത്ഭുതക്കാഴ്ച്ചകള്‍ കാണാന്‍ കഴിയുക. മൊട്ടക്കുന്നുകളും പൈന്‍മരക്കാടുകളും വെള്ളച്ചാട്ടവുമാണ് ഇവിടത്തെ പ്രധാന കാഴ്ച്ചകള്‍. നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച അമ്പതു സ്ഥലങ്ങളുടെ പട്ടികയില്‍ വാഗമണ്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ആലപ്പുഴ

കൊച്ചിയില്‍ നിന്ന് ഒന്നരമണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ ആലപ്പുഴയിലെത്താം. ഇന്ത്യയില്‍ തന്നെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴ. കൊച്ചിയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആലപ്പുഴ എന്തുകൊണ്ടും അനുയോജ്യമായിരിക്കും. ആലപ്പുഴയിലെ കായല്‍ സൗന്ദര്യം ഇവിടെ എത്തുന്ന ആരെയും വശീകരിക്കും. വീണ്ടും വീണ്ടും വരാനുള്ള പ്രവണതയുണ്ടാകും. കായല്‍പ്പരപ്പിലൂടെ ഹൗസ്‌ബോട്ടില്‍ ഒരു സവാരി നടത്തുക എന്നതാണ് ആലപ്പുഴയിലെ പ്രധാന വിനോദം. ഹൗസ്‌ബോട്ടില്‍ രാത്രി കായലിന് നടുവില്‍ തങ്ങാനുമാകും. ഭക്തിയില്‍ ചാലിച്ച യാത്രയാണ് ഉദേശമെങ്കില്‍ നിരവധി ആരാധനാലയങ്ങളാണ് ഇവിടെയുള്ളത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വമി ക്ഷേത്രം, ചെട്ടിക്കുളങ്ങര ദേവി ക്ഷേത്രം, മുല്ലയ്ക്കല്‍ രാജേശ്വരി ക്ഷേത്രം, മണ്ണാറശാല ക്ഷേത്രം തുടങ്ങിയവ സന്ദര്‍ശിക്കാം. ചമ്പക്കുളം പള്ളി, സെയിന്റ് സെബാസ്റ്റിന്‍ പള്ളി, എടത്വ പള്ളി തുടങ്ങിയവയും കാണാം. ആലപ്പുഴയിലെ കൃഷ്ണരാജപുരം കൊട്ടാരം ചരിത്രപ്രസിദ്ധമാണ്.

തേക്കടി

പ്രകൃതിയെ ഇഷ്ടമുള്ളവര്‍ക്ക് തേക്കടി തെരഞ്ഞെടുക്കാം. കൊച്ചിയില്‍ നിന്ന് 156 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തേക്കടിയിലെത്താം. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന തേക്കടി സസ്യങ്ങളുടെയും ജന്തുക്കളുടെയും ഒരു കലവറ കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിലൊന്നായ പെരിയാര്‍ വന്യജീവി സങ്കേതം തേക്കടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് തേക്കടി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. സാഹസിക വിനോദങ്ങളിലേര്‍പ്പെടാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനും അവസരമുണ്ട്. ട്രെക്കിംഗ് അടക്കമുള്ളവ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കാട്ടിനുള്ളിലൂടെയുള്ള ട്രെക്കിംഗ് നിങ്ങളെ ആവേശത്തിലാഴ്ത്തും. പെരിയാര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പെരിയാര്‍ വന്യജീവി സങ്കേതമാണ് ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന സ്ഥലം.

മൂന്നാര്‍

രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനുകളിലൊന്നായ മൂന്നാര്‍ കൊച്ചിയില്‍ നിന്ന് എളുപ്പത്തില്‍ പോയിവരാനാകുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. കൊച്ചിയില്‍ നിന്ന് 134 കിലോമീറ്റര്‍ മാറിയാണ് മൂന്നാര്‍ സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലാണ് മൂന്നാര്‍ ഹില്‍ സ്റ്റേഷന്‍. തേയിലത്തോട്ടങ്ങള്‍ക്കും ഏലത്തോട്ടത്തിനും പേരെടുത്ത സ്ഥലം കൂടിയാണ്. ഇവിടത്തെ തേയിലത്തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ കാഴ്ച്ചയാണ് മൂന്നാറിനെ കൂടുതല്‍ സുന്ദരമാക്കുന്നത്. വെള്ളച്ചാട്ടങ്ങളും മനോഹരമായ താഴ്‌വരകളും കാടുകളും തട്ട്തട്ടായുള്ള തേയില തോട്ടങ്ങളുമാണ് മൂന്നാറില്‍ പ്രധാമായും കാണാനുള്ളത്. വരയാടുകളുടെ ആവാസ കേന്ദ്രയായ ഇരവിക്കുളം ദേശീയോദ്യാനവും നൂറു കണക്കിന് സഞ്ചാരികള്‍ സന്ദര്‍ശിക്കാറുള്ള സ്ഥലമാണ്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിക്കും പ്രശസ്തമാണ് മൂന്നാര്‍.

content highlight: where-you-can-enjoy-with-your-family