Environment

സഹാറ മരുഭൂമിക്കുള്ളിൽ ദുരൂഹ ജലഗർത്തം; പുളച്ചുമറിയുന്ന നൈൽ മുതലകളും | sahara-largest-desert-africa-guelta-darche

ജലാശയത്തിനുള്ളിൽ നൈൽ ക്രോക്ക‍ഡൈൽ വംശത്തിലുള്ള മുതലകളുണ്ട്

ആഫ്രിക്കയിലാണ് ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ സ്ഥിതി ചെയ്യുന്നത്. വിശാലമായി പരന്നു കിടക്കുന്ന ഈ വരണ്ട ഭൂമിയുടെ ഉൾപ്രദേശങ്ങളിലൊന്നിൽ സ്ഥിതി ചെയ്യുന്ന ജലാശയമാണ് ഗ്വെൽറ്റ ഡി ആർച്ചെ. ആഫ്രിക്കൻ രാജ്യമായ ചാഡിന്റെ വടക്കുകിഴക്കൻ മേഖലയിലാണ് ജലം സ്ഥിതി ചെയ്യുന്ന ഈ ഗർത്തമുള്ളത്. ഇതിനുചുറ്റും പാറക്കെട്ടുകൾ മതിലുകൾ പോലെ ഉയർന്നു നിൽക്കുന്നുണ്ട്. സഹാറയിലെ ഗോത്രങ്ങൾ തങ്ങൾക്കു വെള്ളം കുടിക്കാനും യാത്രയ്ക്കുപയോഗിക്കുന്ന ഒട്ടകങ്ങൾക്ക് വെള്ളം നൽകാനും ഈ കുഴിയെ ആശ്രയിച്ചിരുന്നു. ഈ ജലാശയത്തിനുള്ളിൽ നൈൽ ക്രോക്ക‍ഡൈൽ വംശത്തിലുള്ള മുതലകളുണ്ട്. 15000 മുതൽ 5000 വർഷം മുൻപു വരെയുള്ള കാലയളവിൽ ആഫ്രിക്കയിൽ വൻതോതിൽ മഴ ലഭിച്ചിരുന്നു. ഇതുകാരണം നിബിഡവനങ്ങളും ശുദ്ധജലതടാകങ്ങളും സഹാറ നിൽക്കുന്ന മേഖലയിൽ സ്ഥിതി ചെയ്തിരുന്നു. ഗ്രീൻ സഹാറ എന്നാണ് ഈ കാലഘട്ടം അറിയപ്പെട്ടത്.

എന്നാൽ ഈ നനവൂറിയകാലം പിന്നീട് മാറുകയും മേഖല വറ്റിവരണ്ടതാകുകയും ചെയ്തു. കന്നുകാലിവളർത്തൽ ഇതോടെ സാധ്യമല്ലാതായി. ആടുകളെയും ചെമ്മരിയാടുകളെയും വളർത്തുന്ന കൃഷിരീതിയിലേക്ക് ഇവിടത്തെ നാട്ടുകാർ കടക്കുകയും ചെയ്തു.ഏകദേശം 4 സഹസ്രാബ്ദങ്ങൾക്ക് മുൻപ് സഹാറ മരുഭൂമിയല്ലായിരുന്നെന്ന് തെളിവ് നൽകിക്കൊണ്ട് ഗുഹാചിത്രങ്ങൾ സുഡാനിൽ നിന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു്.കിഴക്കൻ സുഡാനിലെ അറ്റ്ബായി മരുഭൂമിയിൽ നിന്നാണ് ഇതു കണ്ടെത്തിയത്. മക്വാറി സർവകലാശാലയിലെ പുരാവസ്തു ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ.മനുഷ്യർ, മാനുകൾ, ആനകൾ, ജിറാഫുകൾ എന്നിവയുടെയെല്ലാം ദൃശ്യങ്ങൾ ഈ ഗുഹാചിത്രങ്ങളിലുണ്ട്.എന്നാൽ ഏറ്റവും വിസ്മയകരമായത് കന്നുകാലികളുടെ സാന്നിധ്യമാണ്. ഇന്നത്തെ കാലത്തെ വരണ്ട തീവ്ര കാലാവസ്ഥ പരിഗണിക്കുമ്പോൾ ഒരുകാലത്ത് ഇവിടെ കാലിവളർത്തലുണ്ടായിരുന്നെന്നത് അദ്ഭുതമായി തോന്നാം.

ഏതായാലും ഈ ഗ്രീൻ സഹാറകാലത്ത് ഗ്വെൽറ്റ ഡി ആർച്ചെയിൽ ജീവിച്ചവരാണ് ഈ മുതലകൾ. പിൽക്കാലത്ത് ഇങ്ങോട്ടുള്ള നദികൾ വറ്റി വരണ്ടപ്പോഴും ഗ്വെൽറ്റ ഡി ആർച്ചെ ഒരു ജലഗർത്തമായി മാറിയപ്പോഴും ഇവ ഇവിടെ നിലനിന്നു.എന്നാൽ മനോഹരമായ യാത്രയെങ്കിലും ഇങ്ങോട്ടുള്ള സന്ദർശനം അൽപം റിസ്കുള്ള കാര്യമാണ്. മരുഭൂമിയിലെ ദുർഘടസാഹചര്യങ്ങൾ താണ്ടിയുള്ള യാത്രയാണ് പ്രധാന പ്രശ്നം. മേഖലയിലെ കലുഷിതമായ രാഷ്ട്രീയങ്ങളും പോരാട്ടങ്ങളും മറ്റൊരു റിസ്കാണ്.വടക്കൻ ആഫ്രിക്കയിൽ പരന്നു കിടക്കുന്ന സഹാറ മരുഭൂമി ഉൽക്കകൾ മറഞ്ഞു കിടക്കുന്ന ഒരു അക്ഷയഖനിയാണ്. വിവിധ കാലഘട്ടത്തിലെ അപൂർവമായ ഉൽക്കകളും ഛിന്നഗ്രഹ ഭാഗങ്ങളും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. 1995നു ശേഷം പതിനയ്യായിരത്തോളം ഇത്തരം ഉൽക്കകളും മറ്റും ഇവിടെ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നാണു കണക്ക്. ചന്ദ്രനിൽ നിന്ന് ഉത്ഭവിച്ച് സഹാറയിൽ വീണ ഒരു ഉൽക്ക 18 കോടി രൂപയ്ക്കാണു വിറ്റുപോയത്. ആദിമകാല ചൊവ്വയിൽ നിന്നു തെറിച്ച ഒരു അപൂർവ ഉൽക്കയെ 2018ൽ കണ്ടെത്തിയതും വാർത്തയായിരുന്നു. ബ്ലാക്ക് ബ്യൂട്ടി എന്നായിരുന്നു ഇതിനു നൽകിയ പേര്.

STORY HIGHLLIGHTS : sahara-largest-desert-africa-guelta-darche