ഇംഫാൽ: മണിപ്പൂരിലെ കാംഗ്പോക്‌പിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച വെെകുന്നേരമാണ് സംഭവം നടന്നത്. സൈകുൽ മുൻ എംഎൽഎ യംതോംഗ് ഹവോകിപ്പിന്റെ ഭാര്യ ചാരുബാല ഹവോകിപ് (59) ആണ് ബോംബ് സ്‌ഫോടനത്തിൽ മരിച്ചത്.
കുകി-സോമി ആധിപത്യമുള്ള കാംങ്‌പോക്പി ജില്ലയിൽ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീടിനുപുറത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് ബോംബ് പൊട്ടിത്തെറിച്ചത്. മാലിന്യം കത്തിക്കുമ്പോൾ സ്ഫോടനമുണ്ടാവുകയായിരുന്നു. സംഭവസമയം ഹാക്കിപ് വീടിനകത്തായിരുന്നതിനാൽ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ ചാരുബാലയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ബോംബാക്രമണത്തിന് പിന്നിൽ കുടുംബ വഴക്കാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. യംതോംഗ് ഹവോകിപ്പിന്റെ രണ്ടാം ഭാര്യയാണ് ചാരുബാല.
യാംതോങ് ഹാക്കിപ് അടുത്തിടെ ബന്ധുവിൽനിന്ന് സ്ഥലം വാങ്ങിയിരുന്നു. ഇതേതുടർന്ന് തർക്കവും കേസും നിലനിൽക്കുന്നുണ്ട്.
യാംതോങ് ഹാകിപ് 2012, 2017 തെരഞ്ഞെടുപ്പുകളിൽ സൈക്കുൽ മണ്ഡലത്തിൽനിന്ന് വിജയിച്ചിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ രണ്ടുതവണ എം.എൽ.എയായ യാംതോങ്, 2022 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിലേക്ക് ചേക്കേറി അതേ മണ്ഡലത്തിൽതന്നെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.